പാഠം പഠിക്കാതെ ട്രംപ്
വാഷിംഗ്ടൺ : ലോകത്താകെ ഒന്നരലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത് കൊവിഡ് സംഹാര താണ്ഡവം തുടരുന്നു. രോഗികളുടെ എണ്ണം 23 ലക്ഷത്തോട് അടുക്കുന്നു. 5,79,212 പേർ രോഗ മുക്തി നേടി. അമേരിക്കയിൽ മാത്രം ഏഴ് ലക്ഷത്തോളം പേർ ചികിത്സയിലാണ്. മരണം 40,000ത്തോട് അടുക്കുന്നു. ഇന്നലെ മാത്രം 2535ഓളം പേർ മരിച്ചു. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെങ്കിലും നിയന്ത്രണങ്ങൾ നാല് ഘട്ടമായി നീക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, കാർഷികമേഖലയെ സഹായിക്കാനായി 19 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് ട്രംപ് പ്രഖ്യാപിച്ചു. മഹാമാരി മൂലം അപ്രതീക്ഷിത ദുരിതം നേരിടുന്ന കർഷകർക്ക് ധനസഹായം നേരിട്ട് ലഭ്യമാവുന്ന തരത്തിലാണ് പദ്ധതികൾ.
ഇറ്റലിയിലും സ്‌പെയിനിലും സ്ഥിതി വീണ്ടും മോശം. സ്‌പെയിനിൽ മരണം 20,002 ആയി. ഇറ്റലിയിൽ 23,00ത്തോളമായി. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് വിദഗ്ദ്ധർ.
ബ്രിട്ടനിൽ 14576 പേർ മരിച്ച ബ്രിട്ടനിൽ സുരക്ഷാവസ്ത്രങ്ങൾക്ക് ക്ഷാമം. സർജിക്കൽ ഗൗണിന് പകരം ഡോക്ടർമാർ പ്ലാസ്റ്റിക് ഏപ്രൺ ഉപയോഗിക്കാൻ സർക്കാർ നിർദ്ദേശിച്ചുവെന്ന് റിപ്പോർട്ട്.
21ന് നടക്കുന്ന തന്റെ പിറന്നാളാഘോഷത്തിന് ആചാര വെടി വേണ്ടെന്ന് എലിസബത്ത് രാജ്ഞി. 68 വർഷത്തിനിടെ ഇതാദ്യം.
ആഫ്രിക്കയിൽ മരണം 1000 കടന്നു.
ബംഗ്ലാദേശിൽ യാത്രാ നിയന്ത്രണം കർശനം.
അമേരിക്കയിൽ നിന്ന് ഗ്വാട്ടിമലയിലേക്ക് നാടുകടത്തിയ 44പേർക്ക് കൊവിഡ്. നാടുകടത്തപ്പെട്ടവരെ കൊണ്ടുവരുന്ന വിമാനങ്ങളുടെ സർവീസ് താത്ക്കാലികമായി നിറുത്തിയതായി ഗ്വാട്ടിമാല പ്രസിഡന്റ് അലേജാൻഡ്രോ ജിയാമെട്ടെയ്.
ദക്ഷിണകിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരും മരണസംഖ്യയും ഇന്തൊനേഷ്യയിൽ. മരണം - 520, രോഗികൾ - 6248.
കാനഡയിൽ വിമാന സഞ്ചാരികൾക്ക് മാസ്‌ക് നിർബന്ധം.
മെക്സിക്കോയ്ക്ക് 1000 വെന്റിലേറ്ററുകൾ നൽകുമെന്ന് ട്രംപ്.