സ്റ്റോക്ക്ഹോം: കൊവിഡ്-19 ന്റെ ഭീകരാക്രമണത്തിൽ നിന്ന് ലോകത്തെ രക്ഷപ്പെടുത്താൻ വിശ്രമമില്ലാതെ അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സ്വയം നഴ്സ് വേഷമണിഞ്ഞ് സ്വീഡനിലെ രാജകുമാരി സോഫിയ. സ്വീഡനിലെ സ്റ്റോക്ഹോമിലെ സോഫിയമെറ്റ് ആശുപത്രിയിലെ കൊവിഡ് രോഗികളെയാണ് രാജകുമാരി ശുശ്രൂഷിക്കുക. ആശുപത്രിയുടെ ഓണററി അദ്ധ്യക്ഷ കൂടിയാണ് സോഫിയ. ഓൺലൈൻ വഴി ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം
പൂർത്തിയാക്കിയശേഷമാണ് രാജകുമാരി സന്നദ്ധ സേവനത്തിന് ഇറങ്ങിയത്. കാൾ ഫിലിപ് രാജാവ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈ വിശേഷം പുറത്തുവിട്ടത്.
'കഴിഞ്ഞയാഴ്ച ഞാൻ ആരോഗ്യ വിദ്യാഭ്യാസം പൂർത്തിയാക്കി. അടിയന്തര പ്രതികരണ വിഭാഗത്തിലായിരുന്നു പരിശീലനം. ഇപ്പോൾ ഒരു ആശുപത്രിയിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പുതുതായി ഇവിടെ നിയമിതരായിരിക്കുന്ന, പരിശീലനം പൂർത്തിയാക്കിയവർക്കൊപ്പം ഞാനും ജോലി തുടങ്ങുകയാണ്. രോഗികളെ പരിചരിക്കുന്നതിനൊപ്പം ശുചീകരണ വിഭാഗത്തിലും ജോലി ചെയ്യും. എന്നെക്കൊണ്ടാവുന്ന രീതിയിൽ ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം. '- ഇൻസ്റ്റഗ്രാമിലൂടെ സോഫിയ അറിയിച്ചു.