indian-flag

ജനീവ: 'പർവതങ്ങളിലെ ലോകസുന്ദരി' സ്വിറ്റ്സർലൻഡ് ആൽപ്‌സിലെ ലോകപ്രശസ്തമായ മാറ്റർഹോൺ പർവതം കഴിഞ്ഞ രാത്രി ത്രിവർണവും നടുവിൽ തിലകം പോലെ അശോകചക്രവും ചാർത്തി തിളങ്ങിയപ്പോൾ അഭിമാനപൂരിതമായി ഓരോ ഇന്ത്യക്കാരന്റെയും അന്തരംഗം.

കൊവിഡ‌ിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ചാണ് 4,478 മീറ്റർ ( 14,777 അടി )​ ഉയരമുള്ള പിരമിഡ് ആകൃതിയിലുള്ള കൊടുമുടിയിൽ 1000 മീറ്ററിലധികം വിസ്തൃതിയിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചത്.

'ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ, കൊവിഡ് പ്രതിസന്ധിയിൽ നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്. മാറ്റർഹോണിൽ തെളിയുന്ന ഇന്ത്യൻ പതാക, സ്വിറ്റ്സർലൻഡിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എല്ലാ ഇന്ത്യക്കാർക്കും പ്രതീക്ഷയും, ശക്തി പകരാനുമാണ്"– സെർമാറ്റ് മാറ്റർഹോൺ ടൂറിസം ട്വീറ്റ് ചെയ്തു.

സെർമാറ്റ് ടൂറിസത്തെ അഭിനന്ദിച്ച് സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസിയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് പങ്കുവച്ചു.

പിന്നിൽ ജെറി

ലൈറ്റ് ആർട്ടിസ്റ്റ് ജെറി ഹോഫ്സ്റ്റെറ്ററാണ് ഈ ആശയത്തിന് പിന്നിൽ. 800 മീറ്റർ ഉയരമുള്ള ലൈറ്റ് പ്രൊജക്ടറുകളാണ് ഇതിനായി ഉപയോഗിച്ചത്. ഒരാഴ്ചയായി കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാൻ പ്രത്യാശ ഉണർത്തുന്ന ചിത്രങ്ങളും സന്ദേശങ്ങളും സ്വിസ് സർക്കാർ ആൽപ്‌സിൽ പ്രദർശിപ്പിക്കുന്നുണ്ട്. അമേരിക്ക, ജർമ്മനി, സ്‌പെയിൻ, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പതാകകളും പ്രദർശിപ്പിച്ചിരുന്നു.

ലോകം ഒരുമിച്ചാണ് കൊവിഡിനെതിരെ പോരാടുന്നത്

മാനവകുലം തീർച്ചയായും ഈ മഹാമാരിയെ മറികടക്കും'

ചിത്രം പങ്കുവച്ചുകൊണ്ട് മോദി ട്വിറ്ററിൽ

ഇന്ത്യയ്ക്ക് സല്യൂട്ട് - യു.എൻ

കൊവിഡ് മൂലം ഉഴറുന്ന ലോകരാജ്യങ്ങൾക്ക് സഹായം നൽകിയതിന് യു. എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇന്ത്യയെ പ്രകീർത്തിച്ചു. വിവിധ രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്തത് ഉൾപ്പെടെയുള്ള സഹായങ്ങളാണ് അദ്ദേഹം പരാമർശിച്ചത്.

'കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ആഗോളതലത്തിൽ ഐക്യദാർഢ്യം വേണം. മറ്റ് രാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യ അടക്കമുളള രാഷ്ട്രങ്ങൾക്ക് സല്യൂട്ട്.'- അദ്ദേഹം പറഞ്ഞു.

നിലവിൽ അമേരിക്ക, മൗറീഷ്യസ്, സീഷെൽസ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ,മാലദ്വീപ്, ശ്രീലങ്ക,മ്യാൻമർ എന്നീ രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നുകൾ നൽകി. സാംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മഡഗാസ്‌കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈഗർ, മാലി, കോംഗോ, ഈജിപ്റ്റ്, അർമേനിയ,കസാഖ്‌സ്ഥാൻ, ഇക്വഡോർ, ജമൈക്ക, സിറിയ,ഉക്രെയിൻ, ഛാഡ്, സിംബാവേ, ജോർദ്ദാൻ, കെനിയ,നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നുകൾ അയയ്ക്കും.