asset

ലോക്ക്ഡൗണിൽ സുനിൽ കുമാർ ഗാന്ധിജിയെക്കുറിച്ച് പുസ്‌തകമെഴുതുന്ന വിശേഷമറിഞ്ഞ് കൊച്ചി കടവന്ത്ര ടാഗോർ നഗറിലെ 'ഭുവനി'ലേക്ക് ഞെട്ടലുമായി ഹൈസ്‌പീഡിൽ വണ്ടിയോടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്: അടുത്ത ഞെട്ടലിനു കൂടി റെഡിയായിക്കോളൂ. കാരണം, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്‌ടർ വി. സുനിൽ കുമാറിന്റെ പുസ്‌തകത്തിന്റെ പേര്, 'ഖദർ!' ബിസിനസുകാരനും ഗാന്ധിയും തമ്മിലെന്ത് എന്ന ചോദ്യത്തിന് സുനിലിന്റെ മറുപടി: ഇന്ത്യയിലെ ആദ്യ വ്യവസായ സംരംഭകനാണ് ഗാന്ധിജി! ചർക്കയുടെ ചക്രത്തിൽ വ്യവസായം നൂറ്റെടുക്കാൻ പഠിപ്പിച്ചത് അദ്ദേഹമല്ലേ? പോരെങ്കിൽ ചക്രത്തിന് (ചർക്ക) പണമെന്നും അർത്ഥമുണ്ടല്ലോ!

റിയൽ എസ്റ്റേറ്റ് രംഗത്ത് 26 വർഷത്തിനിടെ കേരളത്തിൽ 86 പ്രൊജക്‌ടുകളുടെ 'സമ്പാദ്യ'മുള്ള അസറ്റ് ഹോംസിന്റെ സാരഥി പുസ്‌തകമെഴുതുന്നത് ആദ്യമല്ല. ലോക്ക് ഡൗണിൽ സ്ഥാപനത്തിലെ ജീവനക്കാ‌ർ വീടുകളിലായപ്പോൾ അവരെ ഒരുമിപ്പിച്ചു നിർത്താനും അവരോടു സംവദിക്കാനും 21 ദിവസങ്ങളിലായി എഴുതിയ ഇ- കുറിപ്പുകൾ ചേർത്ത് 'കൊ- വീട് ദിനങ്ങൾ' ഇ- റിലീസ് ചെയ്‌ത് ഇരിക്കുമ്പോഴാണ് ഗാന്ധിജി കയറിവന്നത്. അങ്ങനെ ലോക്ക് ഡൗണിന്റെ രണ്ടാംഘട്ടത്തിലെ എഴുത്ത് അദ്ദേഹത്തെക്കുറിച്ചായി. ബിസിനസുകാർ ഗാന്ധിജിയിൽ നിന്ന് പകർത്തരുതാത്ത ഒന്നിനെക്കുറിച്ചാണ് അവസാന അദ്ധ്യായം. ആ ഒന്ന് ഏതെന്നു നെറ്റിചുളിക്കുമ്പോഴേക്കും സുനിൽ സസ്‌പെൻസ് പൊട്ടിക്കും- നിയമലംഘന പ്രസ്ഥാനം!

ശാന്തിയിൽ നിന്ന്

അസറ്റിലേക്ക്

തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് സിവിൽ എൻജിനിയറിംഗ് ബിരുദവും അമേരിക്കയിൽ ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ വി. സുനിൽകുമാർ കൊച്ചിൻ റിഫൈൻറീസിൽ കുറച്ചുനാളത്തെ ട്രെയിനി കാലവും കഴിഞ്ഞ് ശാന്തി ഹോംസ് എന്ന പേരിൽ എറണാകുളത്ത് റിയൽ എസ്റ്റേറ്റ് സംരംഭത്തിന് അടിത്തറയിടുമ്പോൾ സുനിൽ കുമാറിന് വയസ്സ് 23. ആദ്യ പ്രൊജക്റ്റ് വിദ്യാനഗറിലെ മൂന്നു നില അപ്പാർട്ട്മെന്റ്സ്. 11 ഫ്ളാറ്റുകൾ. അന്ന് രണ്ടു കിടപ്പുമുറിയുള്ള ഒരു ഫ്ളാറ്റിന് എട്ടര ലക്ഷം രൂപ തികച്ചില്ല. 1993 കാലത്തെ കഥയാണ്. ചെറിയ കോൺട്രാക്‌ട് വർക്കുകളും ഹൗസിംഗ് പ്രൊജക്‌ടുകളും ചെയ്‌ത് പച്ചപിടിച്ചു തുടങ്ങുന്ന കാലം.

പിന്നീടാണ് അസറ്റ് ഹോംസ് എന്ന പേരിൽ പുതിയ കമ്പനി രജിസ്റ്റർ ചെയ്‌തത്. സമ്പാദ്യം,​ മുതൽക്കൂട്ട് എന്നൊക്കെ അർത്ഥമുള്ള അസറ്റ് എന്ന പേരിൽ അന്ന് ഇന്ത്യയിലെങ്ങും ഒരു കമ്പനിയില്ല. അതുകൊണ്ട് രസിട്രേഷനുള്ള അപേക്ഷയിൽ ഒരൊറ്റ പേരേ സുനിൽ കുമാർ എഴുതിയുള്ളൂ. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക്. ഇപ്പോൾ ഒൻപതു ജില്ലകളിലായി പൂർത്തിയാക്കി കൈമാറിയ 60 പ്രൊജക്‌ടുകൾ. നിർമ്മാണം പുരോഗമിക്കുന്നവ 26 എണ്ണം. അയ്യായിരത്തിലധികം സംതൃപ്ത ഫ്ളാറ്റ് ഉടമകൾ. 250 ലധികം സ്ഥിരം ജീവനക്കാർ. ആയിരത്തോളം തൊഴിലാളികൾ... വലുതാണ് അസറ്റ് കുടുംബം.

നാളെയിലേക്ക്

നാമൊന്നിച്ച്

അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നേരിട്ട പ്രശ്‌നം,​ ഈ 'മഹാകുടുംബത്തെ' ഒരുമിച്ച് ചേർത്തു നിർത്തുന്നത് എങ്ങനെയെന്നത്. 'ടുഗദർ ടുവാർഡ്സ് ടുമോറോ' എന്നു പേരിട്ട് അന്നുതന്നെ അതിന് പ്രത്യേക പദ്ധതിയുണ്ടാക്കി. രാത്രി ഒന്നര കഴിഞ്ഞു,​ എല്ലാത്തിനും ഒരു രൂപം വരാൻ. ജീവനക്കാർക്കും അസറ്റ് ഫ്ളാറ്റ് ഉടമകൾക്കും ഒരുമിക്കാൻ സൂം എന്ന പേരിൽ നേരത്തെ തന്നെയുള്ള വീഡിയോ പ്ളാറ്റ് ഫോം ഒന്നുകൂടി ലൈവ് ആക്കി. എല്ലാവർക്കും പങ്കെടുക്കാവുന്ന കൊച്ചു കൊച്ചു മത്സരങ്ങൾ. വിഷുദിനത്തിൽ ആഴ്ചയിൽ രണ്ടു മണിക്കൂർ നേരം ഇന്റർനെറ്ര് റേഡിയോ,​ വിവിധ പ്രൊജക്‌ടുകളിലെ താമസക്കാർ ചേർന്ന് കാരുണ്യ പ്രവർത്തനങ്ങൾ... ശരിക്കും ഒരുമിച്ചു തന്നെ ലോക്ക് ഡൗൺകാലം ആസ്വദിക്കുകയാണ് അസറ്റ് കുടുംബം.

പുലർച്ചെ 4.20 നു തുടങ്ങും സുനിൽ കുമാറിന്റെ ദിവസം. ക്ഷേത്ര ദർശനം ഉൾപ്പെടെ രാവിലത്തെ കാര്യങ്ങൾ ഏഴരയോടെ കഴിഞ്ഞാൽപ്പിന്നെ രാത്രി 11.20 വരെ തിരക്കു തന്നെ. ലോക്ക് ഡൗൺ ആയതുകൊണ്ട്, മരടിലെ കോർപ്പറേറ്റ് ഓഫീസിലേക്കു പോകുന്നില്ല എന്നേയുള്ളൂ. ഒരുപാട് ജോലികൾ ബാക്കിയുണ്ടായിരുന്നു. പുതിയ പ്രൊജക്‌ടുകളുടെ ഡിസ്‌കഷൻ, ഡിസൈൻ ഓപ്ഷനുകൾ, അവയുടെ ഫൈനലൈസേഷൻ... എല്ലാം പതിവു തെറ്റാതെ. കമ്പനിയുടെ സീനിയർ ലെവലിലുള്ള നൂറു പേർ ഓൺലൈനിൽ എപ്പോഴും കണക്റ്റഡ്. മറ്റു ജീവനക്കാരുമായുള്ള ചർച്ചകൾക്ക് പുതിയ വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. അവിടെ ഡിസ്‌കഷൻ റൂമും വെയിറ്റിംഗ് റൂമും ഒക്കെയായി ഓഫീസ് അനുഭവം തന്നെ. അന്തരീക്ഷം വീട്ടിലാണെന്നു മാത്രം!

ലോക്ക് ഡൗണിലെ

അകക്കാഴ്‌ച

ലോക്ക് ഡൗൺ കാലത്ത് അസറ്റ് ഹോംസ് ഫ്ളാറ്റുകളിലെ താമസ‌ക്കാർക്കായി ഓൺലൈനിൽ ഒരു മത്സരം. സ്വന്തം ഫ്ളാറ്റിൽ മുറികൾക്ക് റീഡിസൈൻ വേണമെന്നു തോന്നുന്നെങ്കിൽ കാരണം ഉൾപ്പെടെ റൂം ഏരിയയുടെ ചിത്രം വാട്സ് ആപ്പിൽ അയയ്‌ക്കുക. ഇതുവരെ പകൽ സമയം വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് ഇപ്പോഴാണ് പലരും സ്വന്തം മുറിയുടെ പ്രത്യേകതകൾ പോലും ശ്രദ്ധിക്കുന്നതെന്ന് സുനിൽ കുമാറിന്റെ നിരീക്ഷണം. ടിവി സ്‌ക്രീൽ പുറത്തുനിന്നുള്ള പ്രകാശം പ്രതിഫലിക്കുന്നു എന്നൊക്കെയാണ് ചില കംപ്ളെയിന്റ്. രാത്രി മാത്രം വീട്ടിലെത്തിയിരുന്നവർ ജനാലയിലൂടെ വെയിലിന്റെ വിളയാട്ടം കാണുന്നത് ഇപ്പോഴല്ലേ! മുറിയുടെ ഡിസൈനിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹമുള്ളവർക്ക് പുതുക്കിയ ഡിസൈൻ വർക്ക് അയച്ചുകൊടുക്കും. സംഭവം ക്ളിക്കായി.

ജോലി തന്നെ

സന്തോഷം

ടാഗോർ നഗറിലെ വീടായ 'ഭുവൻ' ഇങ്ങനെ അസറ്റ് ഹോംസിന്റെ ലോക്ക് ഡൗൺകാല ഓൺലൈൻ കോർപ്പറേറ്റ് ഓഫീസ് ആയി തിരക്കിലമരുമ്പോൾ,​ അടുക്കളയിൽ വറുക്കലും പൊരിക്കലും. ഭാര്യ ജയലതയാണ് വീട്ടുകാര്യങ്ങളുടെ ചുമതല. എം.ബി.എക്കാരിയായ ജയലത നേരത്തെ ജോലി ചെയ്‌തിരുന്നെങ്കിലും കുട്ടികളുടെ കാര്യം കൂടി നോക്കുന്നത് ബുദ്ധിമുട്ടായിത്തുടങ്ങിയപ്പോൾ രാജിവച്ചു. മാനേജ്മെന്റ് വൈദഗ്ദ്ധ്യം ഇപ്പോൾ വീട്ടുഭരണത്തിൽ. ഇരട്ടകളായ ശ്രാവൺ എസ്. നായരും ശരണ്യ എസ്. നായരും സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ് പുതിയ ക്ളാസ് തുടങ്ങാൻ കാത്തിരിക്കുന്നു. സിനിമയിലൊന്നും വലിയ കമ്പമില്ല സുനിലിന്. ഭാര്യയും മക്കളും പോകും. ആകെയുള്ളത് വായന. പിന്നെ,​ എഴുത്തും. ബിസിനസിൽ നന്നായി ജോലി തീർക്കാനാകുമ്പോൾ,​ അതു തന്നെ ഓരോ ദിവസത്തെയും വലിയ സന്തോഷം.

പ്രൊജക്‌ടുകൾക്ക് ക്രിസിൽ സെവൻ സ്റ്റാർ റേറ്റിംഗ് മൂന്നു തവണ കിട്ടിയ ഒരേയൊരു റിയൽ എസ്റ്റേറ്റ് കമ്പനി,​ റിയൽറ്റി പ്ളസ് എക്‌ലസൻസ് അവാർഡ്,​ ക്രിസിൽ- ക്രെഡായ് റിയൽ എസ്റ്റേറ്റ് നാഷണൽ അവാർഡ്,​ ഇന്റർനാഷണൽ പ്രോപ്പർട്ടി അവാർഡ്,​ ക്രെഡായ് റിയൽ എസ്റ്രേറ്റ് അവാർഡ്,​ മികച്ച യുവസംരംഭകനുള്ള ദുബായ് കെ.എം.സി.സി പുരസ്‌കാരം... അസറ്റ് ഹോംസിനെയും സാരഥിയായ വി. സുനിൽകുമാറിനെയും അന്വേഷിച്ചെത്തിയ ബഹുമതികൾ ചെറുതല്ല. ലോക്ക് ഡൗണിനു ശേഷം?​ ആ ചോദ്യത്തിനു മുന്നിൽ,​ 'കോ-വീട് ദിനങ്ങൾ' എന്ന ഇ- പുസ്തകത്തിലെ രണ്ടാം അദ്ധ്യായം സുനിൽ തുറന്നുവയ്‌ക്കും. അതിലുണ്ട്: പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ ആമകൾക്ക് പ്രകൃതി നൽകിയ രക്ഷാകവചം നോക്കൂ. കട്ടിയുള്ള പുറന്തോടിനുള്ളിൽ അത് സുരക്ഷിതമായി തുടരും. അതിജീവനത്തിന്റെ മാതൃകകളിൽ പുതിയ കരുത്താർജ്ജിക്കുകയാണ് അസറ്റ് ഹോംസ്.