തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് മാലിന്യസംസ്‌കരണ ചലഞ്ചുമായി ഹരിതകേരളം മിഷൻ. പകർച്ചവ്യാധികൾ പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും സ്വീകരിക്കേണ്ട കാര്യങ്ങളാണ് ചലഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക, ഉള്ള മാലിന്യങ്ങൾ തരംതിരിക്കുക, അഴുകുന്ന മാലിന്യങ്ങൾ വീട്ടിൽ തന്നെ കമ്പോസ്റ്റ് ആക്കിയോ മറ്റു വിധത്തിലോ സംസ്‌കരിക്കുക, അഴുകാത്തവ തരംതിരിച്ച് പ്രത്യേകം സൂക്ഷിക്കുക, അവ തദ്ദേശഭരണ സ്ഥാപനം ഏർപ്പാടാക്കിയിട്ടുള്ള ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കുകയോ ഹരിതകർമ്മസേനയ്ക്കു കൈമാറുകയോ ചെയ്യുക, കൊതുകു നശീകരണം ലക്ഷ്യമിട്ട് വീട്ടിലെയും പരിസര പ്രദേശങ്ങളിലേയും വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, എലികളെ നശിപ്പിക്കുക, എലികൾ പെരുകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവയാണ് ചലഞ്ച്. 30 വരെ നീളുന്ന ചലഞ്ച് ഇന്ന് തുടങ്ങും. 25ന് ഗ്രേഡ് ചെയ്യേണ്ട മാനദണ്ഡങ്ങൾ ഹരിതകേരളം മിഷൻ പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അറിയിച്ചു.