തിരുവനന്തപുരം : കേരളത്തിന്റെ കുപ്പായമണിഞ്ഞ് ആദ്യമായി ക്രിക്കറ്റ് കളിച്ചുകിട്ടിയ തുകയിൽ നിന്ന് ആസിഫ് അലി ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങി. ബാക്കി തുക ബാങ്കിലുമിട്ടു. ഒരു പ്ളസ് വൺകാരന് കളിക്കളത്തിൽ നിന്ന് ലഭിച്ച ആദ്യ സമ്പാദ്യം. എന്നാൽ നാട് കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽപ്പെട്ടപ്പോൾ ആ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ സന്മനസ് കാട്ടിയിരിക്കുകയാണ് ഇൗ 17 കാരൻ.
2018/19സീസണിൽ കേരളത്തിന്റെ അണ്ടർ-16 വിജയ് മർച്ചന്റ് ട്രോഫി ടീമിൽ അംഗമായിരുന്നു ആൾറൗണ്ടറായ ആസിഫ് .ഇതിന് ബി.സി.സി.ഐയിൽ നിന്ന് മാച്ച് ഫീയായി ലഭിച്ച തുകയിൽ അവശേഷിച്ചിരുന്ന 7,715 രൂപയാണ് ഇന്നലെ ആസിഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീട്ടിലെത്തി ഏൽപ്പിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് പണത്തിനായുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ടി.വിയിൽ കണ്ടപ്പോൾ ആസിഫ് പിതാവിനോട് തന്റെ ചെറിയസമ്പാദ്യം നൽകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് കാച്ചാണി പഞ്ചായത്ത് മെമ്പർ വികാസ് ദിവാകറിന്റെ സഹായത്തോടെ മന്ത്രിയുടെ വീട്ടിലെത്തി ചെക്ക് കൈമാറുകയായിരുന്നു.
എട്ടുവയസുള്ളപ്പോൾ തിരുവനന്തപുരം ജില്ലാ ലീഗിൽ കളിക്കാനിറങ്ങി വിസ്മയം സൃഷ്ടിച്ച ബാലനാണ് കോട്ടയം സ്വദേശിയായ ആസിഫ്.ക്രിക്കറ്റ് കോച്ചിംഗിനായാണ് ആസിഫ് കോട്ടയം വിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. സഞ്ജു സാംസൺ അടക്കമുള്ള താരങ്ങളുടെ പരിശീലകനായിരുന്ന സായ് കോച്ച് ബിജു ജോർജിന്റെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ കളരിയിലാണ് ആസിഫ് പയറ്റിത്തുടങ്ങിയത്. മുൻ കേരള ക്യാപടൻ കെ.എൻ അനന്തപത്മനാഭൻ, മാത്യു മാത്യു,ഫിലിപ്പ് സി ജേക്കബ് തുടങ്ങിയവരും പരിശീലന വഴിയിൽ ആസിഫിന് തുണയായിട്ടുണ്ട്. തിരുവനന്തപുരം സീറോസ്, എറണാകുളം വിസ്ഡൻ തുടങ്ങിയ ക്ളബുകൾക്ക് വേണ്ടികളിച്ചിട്ടുള്ള ആസിഫ് ഇപ്പോൾ കോട്ടയം കാണക്കാരി ക്രിക്കറ്റ് ക്ളബിനായാണ് ലീഗ് കളിക്കുന്നത്.
ക്രിക്കറ്റ് ആസിഫിന്റെ പൈതൃക വഴിയിലുള്ളതാണ്. പിതാവ് സുധീർ അലി മുൻ ക്രിക്കറ്ററും ഇപ്പോൾ ബി.സി.സി.ഐ സ്റ്റാറ്റിസ്റ്റീഷ്യനുമാണ്. ഏജ് കാറ്റഗറി ടൂർണമെന്റുകളിലൂടെ പ്രതിഭ തെളിയിച്ച ആസിഫ് കഴിഞ്ഞവർഷം സ്കൂൾ നാഷണൽസിലും കേരളത്തെ പ്രതിനിധീകരിച്ചു. ഗോൾഫിലും പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ കളിക്കുകയാണ് ആസിഫിന്റെ സ്വപ്നം. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം. മാതാവ് ആയിഷാ റഷീദ് ,സഹോദരി വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ പത്താം ക്ളാസുകാരി അലീന അലി.
പരിശ്രമശീലവും അനുസരണയുമുള്ള കുട്ടിയാണ് ആസിഫ്. പഠനത്തിലും മോശമല്ല. നല്ല കളിക്കാരനെന്നപോലെ നല്ല മനുഷ്യനുമാകാൻ അവന് കഴിയുമെന്നതിന്റെ തെളിവാണ് ഇൗ സംഭാവന. അവന്റെ നല്ല മനസിന് എല്ലാ അഭിനന്ദനങ്ങളും
കെ.എൻ അനന്തപത്മനാഭൻ
മുൻ കേരള ക്രിക്കറ്റ് ക്യാപ്ടൻ