ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 991 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 43 പേർക്ക് ജീവഹാനി ഉണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 488 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ 14792 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12289 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 2014 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ കൊവിഡ് കേസുകളിൽ 4291 പേർക്ക് രോഗ ബാധയുണ്ടായത് നിസാമുദ്ദീൻ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 29.8 ശതമാനമാണ് വൈറസ് ബാധയുടെ തോത്. ഈയൊരറ്റ സമ്മേളനത്തിലൂടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം പടർന്നത്. തമിഴ്‌നാട്ടിൽ 84 ശതമാനം, ഡൽഹിയിൽ 63 ശതമാനം, തെലങ്കാനയിൽ 79 ശതമാനം, ഉത്തർപ്രദേശിൽ 59 ശതമാനം, ആന്ധ്രപ്രദേശിൽ 61 ശതമാനം എന്ന തരത്തിലാണ് സമ്മേളനവുമായി ബന്ധപ്പെട്ടവരിലൂടെ രോഗം പടർന്നിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ 83 ശതമാനം പേർക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മരണനിരക്ക് 3.3 ശതമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ 28 ദിവസത്തിനിടെ, പുതുച്ചേരിയിലെ മാഹി, കർണാടകയിലെ കുടക് എന്നിവിടങ്ങളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റു ജില്ലകളിൽ കഴിഞ്ഞ പതിനാല് ദിവസം ഒരു കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.