
ന്യൂഡൽഹി: കൊവിഡിന്റെ പശ്‌ചാത്തലത്തിൽ ഉത്‌പാദനവും വില്‌പനയും നിലച്ചതിനാൽ കാർ, മോട്ടോർസൈക്കിൾ, ട്രക്ക് എന്നിവയ്ക്ക് നികുതിയിളവ് വേണമെന്ന് വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്രി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊവിഡ് മൂലം വില്ക്കാനാവാത്ത പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക ഇൻസെന്റീവ്, വില്പന വർദ്ധിപ്പിക്കാനും വരുമാനം കൂട്ടാനും ആനുകൂല്യം എന്നിവയും വേണം. മാർച്ച് 31ന് സമാപിച്ച 2019-20 വർഷത്തിൽ ആഭ്യന്തര വാഹന വില്‌പന 18 ശതമാനം ഇടിഞ്ഞിരുന്നു. പതിറ്രാണ്ടിലെ തന്നെ ഏറ്റവും മോശം കണക്കാണിത്. നിലവിൽ 28 ശതമാനമാണ് വാഹനങ്ങൾക്ക് ജി.എസ്.ടി. പുറമേ സെസുമുണ്ട്. വാണിജ്യ വാഹനങ്ങൾക്ക് ജി.എസ്.ടി 12-18 ശതമാനം.
വാഹനങ്ങൾക്കും സ്‌പെയർപാർട്‌സുകൾക്കും പത്തു ശതമാനം നികുതിയിളവ് വേണമെന്നാണ് വാഹന നിർമ്മാതാക്കളുടെ ആവശ്യം. ഇന്ത്യയുടെ ജി.ഡി.പിയിൽ 27 ശതമാനവും മാനുഫാചറിംഗ് മേഖലയിൽ 49 ശതമാനവും പങ്കുവഹിക്കുന്നത് വാഹന മേഖലയാണ്. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച ആഘാതം മൂലം ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്കുള്ള വാഹന വില്‌പന 2020-21ൽ 12 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നും സിയാം വ്യക്തമാക്കി.