മുംബയ്: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം വീണ്ടും നേട്ടത്തിലേറി. ഏപ്രിൽ പത്തിന് സമാപിച്ച വാരത്തിൽ 181.5 കോടി ഡോളർ ഉയർന്ന് ശേഖരം 47,647.50 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 90.2 കോടി ഡോളറിന്റെ ഇടിവ് നേരിട്ടിരുന്നു. അതിനു മുമ്പത്തെ ആഴ്‌ചയിൽ 565 കോടി ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഈ ഇടിവ്.
ഈമാസം ഇതുവരെ ശേഖരത്തിലുണ്ടായ വർദ്ധന 620 കോടി ഡോളറാണ്. മാർച്ച് 31ന് സമാപിച്ച 2019-20 സമ്പദ് വർഷത്തിൽ 6,160 കോടി ഡോളറിന്റെ വർദ്ധനയുമുണ്ടായി. കഴിഞ്ഞ മാർച്ച് ആറിന് കുറിച്ച 48,723 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ സർവകാല റെക്കാഡ് ഉയരം. തുടർന്നിങ്ങോട്ട്, ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് വിദേശ നാണയ ശേഖരം കുറയാനിടയാക്കിയത്. രൂപയുടെ തകർച്ച തടയാൻ റിസർവ് ബാങ്ക്, വൻതോതിൽ ഡോളർ വിറ്റഴിക്കാൻ നിർബന്ധിതരായി.
ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും യൂറോ, പൗണ്ട്, യെൻ തുടങ്ങിയവയും വിദേശ നാണയ ശേഖരത്തിലുണ്ട്. ഏപ്രിൽ 10ന് അവസാനിച്ച ആഴ്‌ചയിൽ വിദേശനാണയ ആസ്‌തി 122.20 കോടി ഡോളർ വർദ്ധിച്ച് 44,033.80 കോടി ഡോളറിലെത്തി. കരുതൽ സ്വർണശേഖരം 58.60 കോടി ഡോളർ ഉയർന്ന് 3,113.60 കോടി ഡോളറായി.