ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കഴിയുന്നത് വരെ ഒരുമേഖലയിലും ബസുകൾ ഓടില്ല. ലോക്ക് ഡൗൺ കഴിയുന്ന മേയ് മൂന്നിന് ശേഷം മാത്രമായിരിക്കും ബസ് സർവീസുകൾക്ക് അനുമതി നൽകുക. ഇന്നലെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ റെഡ് സോൺ ഒഴികെയുള്ള മേഖലകളിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ് സർവീസുകൾ നടത്താൻ അനുമതി നൽകിയിരുന്നു. ഇത് സംബന്ധിച്ച മാർഗനിർദ്ദേശം സർക്കാർ തിരുത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

നേരത്തെ നിയന്ത്രണ വിധേയമായി ബസോടിക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തനാക്കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ശശീന്ദ്രൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ജനജീവിതം സാധാരണ നിലയിലായ ശേഷം സർവീസ് ആരംഭിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും എ.കെ.ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു

സംസ്ഥാനത്ത് നിയന്ത്രണവിധേയമായി ബസ് സർവീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകളും സർക്കാരിനെ അറിയിച്ചിരുന്നു. ഒരു സീറ്റിൽ ഒരാളെ ഇരുത്തി സർവീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗസൈസേഷൻ വ്യക്തമാക്കിയിരുന്നു.