ന്യൂഡൽഹി: മോഹൻ ബഗാന് ചാമ്പ്യൻപട്ടം സമ്മാനിച്ച് ഇൗ സീസണിൽ അവശേഷിക്കുന്ന ഐ ലീഗ് മത്സരങ്ങൾ റദ്ദാക്കാൻ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ലീഗ് കമ്മിറ്റി ശുപാർശ ചെയ്തു. അതേസമയം രണ്ടാം സ്ഥാനക്കാരെ കൃത്യമായി നിശ്ചയിക്കാൻ കഴിയാത്തതിനാൽ ലീഗിൽ ശേഷിക്കുന്ന പ്രൈസ് മണി ബാക്കിയുള്ള എല്ലാ ടീമുകൾക്കും തുല്യമായി വീതിക്കാനും ധാരണയായി. ഇൗ സീസണിൽ തരംതാഴ്ത്തൽ വേണ്ടെന്നും കമ്മറ്റി ശുപാർശയുണ്ട്.
28 മത്സരങ്ങൾ കൂടി ശേഷിക്കവേയാണ് മാർച്ച് 14ന് ശേഷം ഐ ലീഗ് നിറുത്തിവച്ചത്.16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി മറ്റാർക്കും മറികടക്കാനാകാത്ത രീതിയിൽ മുന്നിലെത്തി ബഗാൻ കിരീടം ഉറപ്പിച്ചിരുന്നു.
ഇന്നലെ എ.ഐ.എഫ്.എഫ് സീനിയർ വൈസ് പ്രസിഡന്റ് സുബ്രത ദത്തയുടെ നേതൃത്വത്തിൽ നടന്ന ലീഗ് കമ്മിറ്റി ഭാരവാഹികളുടെ ഒാൺലൈൻ കോൺഫറൻസാണ് ഇത് സംബന്ധിച്ച് ശുപാർശകൾ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് സമർപ്പിച്ചത്. വീഡിയോ കോൺഫറൻസിൽ കേരള ഫുട്ബാൾ അസോസിയേഷനെ പ്രതിനിധീകരിച്ച് അനിൽ കുമാർ പങ്കെടുത്തു.
സമ്മാനത്തുക വീതിക്കാൻ കാരണം
മോഹൻ ബഗാൻ 16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റ് നേടിയിരുന്നു.
ഗോകുലം കേരള എഫ്.സിയടക്കം നാല് ടീമുകളാണ് രണ്ടാം സ്ഥാനക്കാരാകാൻ മുന്നിലുണ്ടായിരുന്നത് .
ഇൗസ്റ്റ് ബംഗാളിനും പഞ്ചാബ് എഫ്.സിക്കും 16 മത്സരങ്ങളിൽ നിന്ന് 23 പോയിന്റ് വീതമാണുള്ളത്. റയൽ കാശ്മീരിനും ഗോകുലം കേരള എഫ്.സിക്കും 15 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുണ്ട്. ഇവരിൽ നിന്ന് കൃത്യമായി റണ്ണർ അപ്പുകളെയും മൂന്നും നാലും സ്ഥാനക്കാരെയും നിശ്ചയിക്കാൻ പൊതുമാനദണ്ഡം കിട്ടാത്തതിനാലാണ് സമ്മാനത്തുക വീതിക്കാമെന്ന ധാരണയിലെത്തിയത്.