ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കമ്പനികളിൽ വിദേശ രാജ്യങ്ങൾ നിക്ഷേപം നടത്താൻ തക്കം പാർത്തിരിക്കുന്ന കാര്യത്തിൽ താൻ നൽകിയ നിർദേശം കേന്ദ്ര സർക്കാർ സ്വീകരിച്ചതിൽ നന്ദിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തിയതിനു രാഹുൽ നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.
കൊവിഡ് മഹാമാരി മൂലം ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് ബുദ്ധിമുട്ടുകയാണെന്നും അത് മുതലെടുത്തുകൊണ്ട് വിദേശരാജ്യങ്ങൾ കമ്പനികളിലെ ഓഹരികൾ വാങ്ങിക്കൂട്ടാൻ ശ്രമിക്കുകയാണെന്നും ഏപ്രിൽ 12ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇത് അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ട്വീറ്റ് കൂടി ഉൾപ്പെടുത്തിയാണ് കോൺഗ്രസ് നേതാവിന്റെ പുതിയ ട്വീറ്റ്.
I thank the Govt. for taking note of my warning and amending the FDI norms to make it mandatory for Govt. approval in some specific cases. https://t.co/ztehExZXNc
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് ഇനി മുതൽ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി നിർബന്ധമാക്കിയിരുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളെ വിദേശ നിക്ഷേപങ്ങളിലൂടെ മറ്റ് രാജ്യങ്ങൾ പിടിച്ചടക്കുന്നതിന് തടയിടുന്നതിനു വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ കൈകൊണ്ട ഈ തീരുമാനത്തിലൂടെ ഇന്ത്യൻ കമ്പനികൾ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് തടയിടാനാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്.
എച്ച്.ഡി.എഫ് സി ബാങ്കിലുള്ള ചൈനയുടെ നിക്ഷേപം അടുത്തിടെ കാര്യമായി വർദ്ധിച്ചതോടെയാണ് ഇന്ത്യയും പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞത്. മാത്രമല്ല മാർച്ച് അവസാനത്തോടെ ഇന്ത്യയിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ചൈന നടത്തിയതായും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇതോടെ ചൈനയ്‌ക്ക് ഇന്ത്യയിലുള്ള നിക്ഷേപങ്ങൾക്ക് തടയിടാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.