തിരുവനന്തപുരം: ലോക്ക് ‌ഡൗൺ ഇളവുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി സർക്കാർ ഇറക്കിയ 14 പേജ് നീണ്ട ഉത്തരവിൽ പരക്കെ ആശയക്കുഴപ്പം. ഇതേതുടർന്ന് പുതിയ ഉത്തരവ് ഇറക്കാൻ സർക്കാർ തിരക്കിട്ട നീക്കം ആരംഭിച്ചു.

ജില്ലകളെ കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് നാല് സോണുകളായി തിരിക്കുന്നതാണ് ഉത്തരവിന്റെ ആദ്യ ഭാഗം. ഇതിലാകട്ടെ ചുവപ്പ് വിഭാഗത്തിലുള്ള ജില്ലകളിൽ മേയ് 3 വരെ സമ്പൂർണ ലോക്ക് ഡൗൺ എന്നും ഓറഞ്ച് എ വിഭാഗത്തിൽപെട്ട മൂന്ന് ജില്ലകളിൽ ഈമാസം 24 വരെ സമ്പൂർണ ലോക്ക് ‌ഡൗൺ എന്നും പറയുന്നു. ഓറഞ്ച് ബി,​ പച്ച വിഭാഗങ്ങളിൽ 20 വരെയും സമ്പൂർണ ലോക്ക് ഡൗൺ എന്നാണ് പറഞ്ഞിട്ടുള്ളത്.

രണ്ടാം ഭാഗത്ത് ഇളവുകൾ ഓറഞ്ച് എ ജില്ലകളിൽ 24 മുതലും ഓറഞ്ച് ബി ജില്ലകളിൽ 20 മുതലം പ്രാബല്യത്തിൽ വരുമെന്നാണ് പറയുന്നത്. അവസാന ഭാഗത്താകട്ടെ പച്ച വിഭാഗത്തിൽ പെട്ട കോട്ടയം,​ ഇടുക്കി ജില്ലകളിൽ 20ന് ശേഷം നിലനിൽക്കുന്ന നിയന്ത്രണങ്ങൾ എന്നു പറഞ്ഞാണ് അവ വിശദീകരിക്കുന്നത്.

ഇത്തരത്തിൽ തീയതി സംബന്ധിച്ച ആശയക്കുഴപ്പം ആണ് ഉത്തരവിലുടനീളം. ഇത് സർക്കാർ വൃത്തങ്ങളിൽ വ്യാപകമായ ആക്ഷേപത്തിന് വഴിവച്ചതോടെയാണ് തിരക്കിട്ട് ഉത്തരവ് തിരുത്തുന്നത്. പുതിയ ഉത്തരവ് ഇന്ന് തന്നെ ഇറങ്ങിയേക്കും.