കൊവിഡ് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് മലയാള സിനിമാ നിർമ്മാതാക്കളെയാണ്
കെ.എസ്.എഫ്.ഡി.സിക്കും നഷ്ടം
വനിതാ ചലച്ചിത്രപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ രണ്ട് ചിത്രങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്.ചിത്രീകരണം ആരംഭിക്കാനായി രണ്ട് സിനിമകളുടെയും പൂജ നടത്തി.ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും അഡ്വാൻസും നൽകി.ഇവയുടെയും ഷൂട്ടിംഗും ആരംഭിക്കാനായില്ല.സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ.
-ഷാജി എൻ. കരുൺ,, ചെയർമാൻ കെ.എസ്.എഫ്.ഡി.സി
48 ലക്ഷം പാഴായി
ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് മാർച്ച് റിലീസ് പ്ളാൻ ചെയ്തിരുന്നതാണ്. റിലീസിനോടനുബന്ധിച്ച് കേരളം മുഴുവൻ ഫ്ളക്സുകൾ വയ്ക്കുകയും ഓൺ ലൈൻ പ്രൊമോഷനും ഒക്കെ ചെയ്തിരുന്നു. പബ്ലിസിറ്റിയ്ക്കായി ഇതിനകം മുടക്കിയ 48 ലക്ഷംരൂപയും പാഴായി. ഫഹദ് ഫാസിലിനെ നായകനാക്കി ഞാൻ നിർമ്മിച്ച മാലിക്ക് ഏപ്രിൽ 12ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. ജൂലായ് - ആഗസ്റ്റ് മാസങ്ങളിലെങ്കിലും തിയേറ്ററുകൾ തുറന്നാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ.
-ആന്റോ ജോസഫ്
ഇനി പ്രതീക്ഷ ഒാണം
ഞാനും ദിലീപും ചേർന്ന് നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥൻ ഏപ്രിൽ 12ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. മലയാള സിനിമയുടെ ഏറ്റവും വലിയ സീസണായ അവധിക്കാലം കേശുവിന് നഷ്ടമായി. ഇനിയുള്ളൊരു പ്രതീക്ഷ ഓണക്കാലമാണ്.
ഇനി തിയേറ്ററുകൾ എന്ന് തുറക്കുമെന്നോ തുറന്നാലുടൻ തിയേറ്ററുകളിലേക്ക് ജനം ഒഴുകുമെന്നോ എന്നൊന്നുമറിയില്ല.തിയേറ്ററുകൾ തുറന്നാലും സാമ്പത്തിക പ്രതിസന്ധിയും പ്രേക്ഷകരെ പിന്നിലേക്ക് വലിക്കും.
-നാദിർഷ
നഷ്ടം നോക്കുന്നില്ല
ഞാൻ ആദ്യമായി നിർമ്മാതാവാകുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ നിർമ്മാണം കൊവിഡ് ഭീതിയെ തുടർന്ന് മാർച്ച് 11ന് സ്വമേധയാ നിറുത്തിവയ്ക്കുകയുണ്ടായി. നൂറോളം പേരാണ് ചിത്രത്തിൽ പ്രവർത്തിച്ചത്. അവരുടെ ആരോഗ്യം മാത്രമാണ് നോക്കിയത്. നഷ്ടത്തെ കുറിച്ച് ചിന്തിച്ചതേയില്ല. ഇനി എന്ന് ചിത്രീകരണം തുടങ്ങാൻ കഴിയുമെന്ന് അറിയില്ല. സർക്കാരിന്റെ അനുമതി ലഭിക്കുമ്പോൾ സിനിമാപ്രവർത്തകരുടെ എല്ലാ സുരക്ഷയും കണക്കിലെടുത്തായിരിക്കും ചിത്രീകരണം തുടങ്ങുക.
-മഞ്ജുവാര്യർ