തലച്ചോറിലേക്കുള്ള രക്തധമനികളുടെ തകരാറു കാരണം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം . പുരുഷൻമാരിലും സ്ത്രീകളിലും പക്ഷാഘാതം ഉണ്ടാകുന്നുണ്ടെങ്കിലും സ്ത്രീകളിലെ ലക്ഷണങ്ങൾ പുരുഷന്മാരിലെ പക്ഷാഘാത ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാദ്ധ്യത കൂടുതലായതിനാൽ അവർക്ക് പക്ഷാഘാത സാദ്ധ്യതയും കൂടുന്നു.ഛർദ്ദി, എക്കിൾ, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, ബോധക്ഷയം, ബലഹീനത എന്നിവ സ്ത്രീകളിലെ പക്ഷാഘാത ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് മാത്രമുള്ളവ ആയതിനാൽ, രോഗിയെ പക്ഷാഘാത ചികിത്സയ്ക്കായി വിദഗ്ധരുടെ അടുത്ത് എത്തിക്കാനും അങ്ങനെ അടിയന്തര ചികിത്സ വൈകാനും കാരണമാകുന്നു. ഇത് സ്ത്രീകൾക്ക് പക്ഷാഘാതത്തെ അതിജീവിക്കാനുള്ള സാദ്ധ്യതയും കുറയ്ക്കുന്നു.രക്തധമനികളിൽ രക്തംകട്ടപിടിച്ചുണ്ടാകുന്നതും രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറഞ്ഞ് തകരാറുണ്ടാക്കുന്നതും ആയി രണ്ട് തരത്തിലുണ്ട് പക്ഷാഘാതം . അൻപത് വയസ് കഴിഞ്ഞവരിലാണ് പക്ഷാഘാതം അധികമായും കണ്ടുവരുന്നത്.