ഏറെക്കാലം കൂടിയാണ് ഇങ്ങനെ വീട്ടിലിരിക്കുന്നത്. തിരക്കുപിടിച്ച ഷൂട്ടിംഗ് ഷെഡ്യൂളുകളില്ല, യാത്രകളില്ല. സ്വസ്ഥം. എന്നാലും ഒരു സന്തോഷം കിട്ടുന്നില്ല. ഇതൊരു അവധിക്കാലമായൊന്നും തോന്നുന്നില്ല. ലോകം ഒരു മഹാമാരിയുടെ പിടിയിലാണ്. ഒട്ടനവധി ആളുകൾ മരിച്ചു. ഇപ്പോഴും രോഗഭീതി വിട്ടൊഴിഞ്ഞിട്ടില്ല. പിന്നെങ്ങനെ സമാധാനിക്കാനാകും?"" തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലിരുന്ന് ഇന്ദ്രൻസ് കൊവിഡ് വൈറസ് വ്യാപനത്തെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവയ്ക്കുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് അട്ടപ്പാടിയിൽ ഷൂട്ടിംഗിലായിരുന്നു ഇന്ദ്രൻസ്. അപ്പോൾ തന്നെ കേരളത്തിൽ കൊവിഡ്-19 ആശങ്കകൾ കേട്ടു തുടങ്ങിയിരുന്നു. അട്ടപ്പാടിയിലെ ഷൂട്ടിംഗ് തീർത്ത് തൊടുപുഴയിൽ മറ്റൊരു സിനിമയിൽ ജോയിൻ ചെയ്തു. അപ്പോഴേക്കും രോഗ വ്യാപനം തുടങ്ങി. അതോടെ ഷൂട്ടിംഗ് പെട്ടെന്ന് നിർത്തി. അങ്ങനെ ലോക്ക്ഡൗൺ പ്രഖ്യാപനത്തിനുമുമ്പു തന്നെ ഇന്ദ്രൻസ് വീട്ടിലെത്തി. പിന്നെ കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം വീട്ടിൽ
ആധി വിട്ടുപോകുന്നില്ല
ലോകം മുഴുവൻ കീഴടക്കുന്ന ഒരു മഹാവ്യാധി. കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായതുകൊണ്ട് എന്താകും, എവിടെ ചെന്നവസാനിക്കും എന്നെല്ലാം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. എല്ലാം കീഴടക്കാമെന്നുള്ള മനുഷ്യന്റെ അഹങ്കാരം ഇത്തരമൊരു രോഗത്തിനു മുന്നിൽ തകർന്നടിയുകയാണ്. ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായരായി പോകുന്നു. അതുകൊണ്ടു തന്നെ വീണുകിട്ടിയ വിശ്രമവേളയിൽ പോലും ഒരു കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കാനോ സന്തോഷം കണ്ടെത്താനോ ആകുന്നില്ല. അവധി ദിവസങ്ങൾ എങ്ങനെ ആഘോഷിക്കുന്നു എന്നൊക്കെ പലരും ചോദിച്ചു കേൾക്കാറുണ്ട്. ആഘോഷമെന്നൊക്കെ ഈ സമയത്തെ വിളിക്കാമോ? എനിക്കങ്ങനെ ചിന്തിക്കാനേ ആകുന്നില്ല. ഒരു തരം നിസംഗത വന്നു കൂടിയിട്ടുണ്ട്.
വായനയുണ്ട്, പഴയ
തയ്യൽ മെഷീൻ നേരെയാക്കി
വായന തന്നെയാണ് പ്രധാന നേരംപോക്ക്. രാവിലെ പത്രം വായിക്കും. പിന്നെ മറ്റു പുസ്തകങ്ങൾ. ഗുരുസാഗരം ഒന്നുകൂടി വായിച്ചു. എം.എൻ വിജയൻ മാഷിന്റെ ലേഖന സമാഹാരങ്ങൾ, അഴീക്കോട് മാഷിന്റെ തത്വമസി എന്നിവയുടെയും പുനർവായന കഴിഞ്ഞു. അജയ് പി. മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര" യാണ് ഒടുവിൽ വായിച്ചത്. നല്ല പുസ്തകമാണ്. പുതുമയുള്ള ആഖ്യാനം. ഇപ്പോൾ വായിക്കുന്നത് ആർ.രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത" എന്ന പുസ്തകമാണ്. കണ്ണൂർ ഭാഷയായതുകൊണ്ട് ചില വാക്കുകളൊക്കെ വായിച്ചു മനസിലാക്കാൻ പ്രയാസപ്പെട്ടു. പക്ഷേ നല്ല രസമാണ്. ഒഴുക്കോടെ വായിച്ചുപോകാം.
വീട്ടിലെ പഴയ രണ്ടു തയ്യൽ മെഷീൻ ഉണ്ടായിരുന്നു. കുറേക്കാലമായി ഉപയോഗിച്ചിട്ട്. തുരുമ്പ് വന്നു. എണ്ണയിട്ട് ശരിയാക്കി. ഇപ്പോൾ അതിൽ ഇരുന്ന് അല്ലനേരം തയ്ക്കും. മാസ്ക്കാണ് തയ്ക്കുന്നത്. കൊവിഡ് വിട്ടുപോയാലും ഇനി ചിലപ്പോൾ നമ്മൾ മാസ്ക്ക് ഉപയോഗിക്കുമായിരിക്കും. തയ്ക്കുന്നത് സ്കൂൾ കുട്ടികൾക്കോ മറ്റ് ആവശ്യക്കാർക്കോ കൊടുക്കാം.പിന്നെ അല്പം കൃഷിയുണ്ട്. കൃഷിഭവനിൽ നിന്ന് കിട്ടിയ വെണ്ടയും പച്ചമുളകും തക്കാളിയുമൊക്കെ വളർന്നിട്ടുണ്ട്. കുറേ സമയം ചെടികൾക്കൊപ്പം പോകും. പാചകം ഇല്ല. ഭക്ഷണത്തോട് വലിയ താത്പര്യമില്ലാത്തതു കൊണ്ട് പാചക പരീക്ഷണങ്ങളും ഇല്ല. ടി. വിയിൽ സിനിമ കാണുന്നതിൽ വലിയ താത്പര്യമില്ല. തിയേറ്ററിൽ പോയി സിനിമ കാണുന്നതാണ് ഇഷ്ടം. ടി.വിയിൽ വാർത്ത കാണും.
ഇവിടെ ജീവിക്കുന്നതിൽ അഭിമാനം
കൊവിഡ് നിവാരണ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് മാതൃകയാണ്. നമ്മുടെ സാമൂഹിക, ആരോഗ്യപ്രവർത്തകരോട് നന്ദി പറയണം. അത്രയും ക്ഷമയോടെയും കരുണയോടെയുമാണ് അവർ രോഗികളെ പരിചരിച്ചത്. നമ്മൾ കാത്തുസൂക്ഷിക്കുന്നൊരു മൂല്യമുണ്ട്. അതാണ് ആരോഗ്യപ്രവർത്തകർ അവരുടെ കർമ്മ മേഖലയിൽ പാലിച്ചത്. നമ്മളെല്ലാം ഇങ്ങനെ സുരക്ഷിതരായി ഇരിക്കുന്നതിനു പിന്നിൽ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും വലിയ ജാഗ്രതയുണ്ട്. വലിയൊരു പരിധി വരെ ജനങ്ങളും സർക്കാരിനോട് സഹകരിച്ചു. കേരളത്തിൽ ജീവിക്കാനായതിൽ ഈ സമയത്ത് നമ്മൾ അഭിമാനിക്കണം.
സിനിമയെപ്പറ്റി ആശങ്കയുണ്ട്
കോടികൾ മുടക്കിയ ഒരുപാട് സിനിമകളുടെ റിലീസാണ് മുടങ്ങിയത്. ഷൂട്ടിംഗ് മുടങ്ങിയതും അതുപോലെ. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, മാലിക്ക് പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുടെ റിലീസ് മുടങ്ങിയത് സിനിമയെ ശരിക്ക് ബാധിക്കും. വേറെയും കുറേ സിനിമകൾ. ഈ സിനിമകളെല്ലാം എന്ന് പുറത്തിറങ്ങും, എന്നു തൊട്ട് പഴയ പോലെ ആളുകൾ തിയേറ്ററിലെത്തി തുടങ്ങും എന്നൊന്നും ഇപ്പോൾ പറയാനാവില്ലല്ലോ. സിനിമാ മേഖല പഴയ പടിയാകാൻ ശരിക്കും സമയമെടുക്കും. ഒരുപാടാളുകൾ ഇതിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. മാലിക്ക്, ഹിഗ്വിറ്റ, മെമ്പർ ഗണേശൻ, പടവെട്ട്, അനുഗ്രഹീതൻ ആന്റണി, ജാക്ക് ആൻഡ് ജിൽ, കൊച്ചാൾ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള എന്റെ സിനിമകൾ.
എല്ലാവരും വീട്ടിലിരിക്കൂ
വീട്ടിലിരിക്കുക എന്നതുതന്നെയാണ് ഇപ്പോൾ നമുക്ക് സമൂഹത്തോട് ചെയ്യാനുള്ള എറ്റവും വലിയ സഹായം. നമുക്കും, മറ്റാർക്കും അസുഖം വരാതിരിക്കാൻ അതുകൊണ്ടാകും. ആരോഗ്യപ്രവർത്തകരെയും പൊലിസിനെയും അനുസരിക്കാം. ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും സമയമില്ലെന്നായിരുന്നല്ലോ നമ്മുടെ വലിയ പരാതി. ഇപ്പോൾ എല്ലാവർക്കും അതെല്ലാം സാധിക്കുന്നുണ്ട്. അതെല്ലാം നല്ലതിനാകും. കുറേക്കൂടി ദൃഢമായ ബന്ധങ്ങൾ ഉണ്ടാകാനും കൂടെയുള്ളവർക്ക് പരിഗണന നൽകാനും ഈ ദിവസങ്ങൾ ഉപകരിച്ചേക്കും.
(ലേഖകന്റെ ഫോൺ : 9847404972)