വാസ്തുശാസ്ത്ര പ്രകാരം ദിക്കുകൾ എട്ടാണ്. അഷ്ടദിക്കുകൾ ഉണ്ടെന്നും ഈ ദിക്കുകളെ പരിപാലിക്കാനായി അഷ്ടദിക്ക് പാലകർ ഉണ്ടെന്നുമാണ് ഭാരതീയ ഹൈന്ദവ വിശ്വാസം. ഈ വിശ്വാസം ശരിക്കും പറഞ്ഞാൽ ശാസ്ത്ര ബന്ധമായതാണ്. ദിശകൾ അഥവാ ദിക്കുകൾ ഒറ്റനോട്ടത്തിൽ പറഞ്ഞാൽ നാലാണ്. വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ്. അൽപ്പം കൂടി സൂക്ഷ്മമായി ദർശിക്കുമ്പോഴാണ് ദിക്കുകൾ എട്ടുണ്ടെന്ന് മനസിലാവുക. വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ്.
ഇതിൽ വടക്കുകിഴക്കിനെ ഈശാന മൂലയെന്നും തെക്കുകിഴക്കിനെ അഗ്നി മൂലയെന്നും തെക്ക് പടിഞ്ഞാറിനെ കന്നിമൂലയെന്നും അഥവാ നിര്യതിയെന്നും വടക്കു പടിഞ്ഞാറിനെ വായുമൂലയെന്നും പറയുന്നു. എട്ടു ദിക്കുകളുണ്ടെങ്കിലും വീടോ കെട്ടിടങ്ങളോ പണിയുമ്പോൾ പ്രധാന ദിക്കുകളെയാണ് മുഖ്യമായും പരിഗണിക്കുക. മറ്റു ദിക്കുകളിലേയ്ക്കുള്ള വീടുകളിൽ ദോഷങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതായാണ് കണ്ടു വരുന്നത്. അതായത് ഒരു ദിക്കിലേയ്ക്കും നോക്കാതെ ഇരു ദിക്കിലേയ്ക്കും ചരിഞ്ഞ നിർമ്മാണങ്ങൾ.
സൂര്യനുദിക്കുന്ന ദിക്കാണല്ലോ കിഴക്ക്. ഭൂമിയിലെ സർവചരാചരത്തിന്റെയും ഊർജ സ്രോതസ് സൂര്യനാണെന്നാണ് ശാസ്ത്രമതം. സൂര്യൻ ഉദിച്ചുയരുന്ന ദിക്ക് മുഖമായി വീട് പണിയുന്നത് ഉത്തമമെന്നാണ് കണ്ടുവരുന്നത്. കിഴക്ക് മുഖമായി മാത്രം വീട് ഇരുന്നാൽ എല്ലാ പ്രശ്നങ്ങളും തീർന്നു എന്ന് ഇതുകൊണ്ട് അർത്ഥമില്ല. വാസ്തു ശാസ്ത്രപരമായി എല്ലാം ഉറപ്പാക്കി വേണം വീട് വയ്ക്കാൻ. ഉദയ കിരണങ്ങൾ വീടിനുള്ളിൽ പതിക്കണമെന്നാണ് പാശ്ചാത്യരുടെ പോലും വിശ്വാസങ്ങൾ. കിഴക്കുദിശ പുരുഷന്മാരെ നന്നായി സ്വാധീനിക്കുന്നുണ്ടെന്നുളളത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടുളളതാണ്. കിഴക്കിൽ വയ്ക്കുന്ന പ്രധാന വാതിൽ, ജനലുകൾ, തെക്കു കിഴക്കേ മൂലയിലെ അടുക്കള, വടക്കു കിഴക്കോ, കിഴക്കോ, വടക്കോ പണിയുന്ന കിണർ ഇതെല്ലാം അതിൽ ജീവിക്കുന്നവരെ സ്വാധീനിക്കുന്നുണ്ട്. സമ്പത്തിന്റെയും സുഖത്തിന്റെയും ഐശ്വര്യത്തിന്റെയും ദിശയെന്നാണ് കിഴക്കിനെ വിശ്വസിക്കുന്നത്. പുരുഷൻമാരുടെ സ്ഥാനവും പേരും പ്രശസ്തിയുമൊക്കെ കിഴക്കു ദിശയെ ആശ്രയിച്ചാണെന്ന വിശ്വാസം ശാസ്ത്രീയമായി തന്നെ തെളിയിക്കാം. ഒരു സെന്റ് ഭൂമിയായാൽ പോലും പടിഞ്ഞാറിനെ അപേക്ഷിച്ച് കിഴക്കുവശത്ത് അൽപ്പമെങ്കിലും സ്ഥലക്കൂടുതൽ വേണം. കിഴക്ക് സ്ഥലക്കുറവുള്ള വീടാണെങ്കിൽ പുരുഷന്റെ ഉയർച്ച തടയപ്പെടുന്നതായോ, വരുമാനം ഇടിഞ്ഞോ ഇല്ലാതായി പോകുന്നതായോ ആയി ബോദ്ധ്യമായിട്ടുണ്ട്.പുരുഷന്റെ മേധാശക്തി, നേതൃപാടവം, സമൂഹത്തിലെ സ്ഥാനം എന്നിവ കിഴക്കുദിശയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഇനി വടക്കു കിഴക്കു ദിശ നോക്കാം. ഊർജത്തിന്റെ ഏറ്റവും മാഹാത്മ്യമുള്ള സ്ഥലമാണിത്. തെക്ക് പടിഞ്ഞാറു നിന്നുവരുന്ന ശക്തമായ ഊർജം ഭൂമിയിലോ, വീടിനുള്ളിലോ ഒഴുകിപ്പരക്കുമ്പോൾ അത് ഏറ്റവും ഗൂണകരമാകുന്നത് വടക്കു കിഴക്ക് അഥവാ ഈശാനത്തിലെത്തുമ്പോഴാണ്. അതു കൊണ്ടാണ് ഈശാനകോണിൽ പൂജാ മുറി വീടിനുള്ളിലാക്കിയോ വരാന്തയോട് ചേർന്നോ നിർമ്മിക്കാമെന്ന് പാരമ്പര്യ വാസ്തു വിദഗ്ധർ പോലും പറഞ്ഞിട്ടുളളത്. വടക്കുകിഴക്കു ദിശയുടെ മാഹാത്മ്യം സാധാരണക്കാർക്ക് മനസിലാക്കാനാണ് വാസ്തുപുരുഷന്റെ തല ഈ ഭാഗത്ത് വരുന്നതായി വരച്ചിരിക്കുന്നത്. മുഖഭാഗം എപ്പോഴും നാം വെടിപ്പാക്കി വയ്ക്കാറുണ്ടല്ലോ. അതു പോലെ തന്നെയാണ് വാസ്തുവിലെ വടക്ക് കിഴക്ക് ഭാഗം ഇവിടെ കൂടുതൽ സ്ഥലമുള്ളതും തുറസായതും വളരെ നല്ല ഫലങ്ങൾ ഉണ്ടാക്കുന്നതാണ്. വീടിന്റെ പ്രധാന കട്ടിള വടക്കുകിഴക്ക് ഭാഗത്ത് വന്നാൽ ഏറെ ഗുണകരമാണെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള സത്യമാണ്.ഈശാന ഭാഗത്ത് ഗേറ്റ് തിരിക്കുക, വഴിയുണ്ടാവുക എന്നിവയെല്ലാം മികച്ച ഫലം പ്രധാനം ചെയ്യും. എന്നാൽ ഈ ഭാഗത്ത് മോശത്തരം വരുത്തിയാൽ മോശഫലവുമുണ്ടാവും. വടക്കുകിഴക്ക് ഉയർന്ന മതിൽ ഉണ്ടെന്നിരിക്കട്ടെ.അത് തെക്കിനെക്കാൾ വലുതാണെങ്കിൽ മോശം ഫലം ഉണ്ടാവും. ഇനി വടക്കു കിഴക്കാണ് സെപ്റ്റിക് ടാങ്ക് പണിഞ്ഞിരിക്കുന്നതെങ്കിൽ വീട്ടിലെ ദാമ്പത്യത്തെ മോശമായി ബാധിക്കാം. മനോനില തെറ്റുക, സദാചാരം ഇല്ലാതായി മോശക്കരെന്ന് മുദ്രകുത്തപ്പെടുക, അഭിമാനക്ഷതം ഉണ്ടാവുക,സ്ത്രീകളോ, പുരുഷൻമാരോ ദുഷിച്ച സ്വഭാവക്കാരായി മാറുക എന്നിവയെല്ലാം ഇതിന്റെ ഫലങ്ങളാണ്. കിണറിന് ഏറ്റവും യോജിച്ച മൂല ഈശാനമാണൊണ് ശാസ്ത്രപക്ഷം. കാരണം ഭൂമിയിലും ഭൂഗർഭത്തിലും ജലവിതാനത്തിന്റെ ഒഴുക്ക് വടക്കു കിഴക്കുഭാഗത്തായിട്ടാണ് വരുക. ഇവിടെ കുഴിച്ചാൽ ആവശ്യത്തിന് വെള്ളം കിട്ടുന്നതിനൊപ്പം ഇവിടെ ഭാരം കുറയുകയും ചെയ്യും. അത് വാസ്തു ബലമാണ്. അവിടെ വെള്ളക്കെട്ട് ഗുണമാണെന്ന് വച്ച് സെപ്റ്റിക് ടാങ്കും വെള്ളക്കെട്ടല്ലേ എന്ന് ചോദിക്കുന്ന വിരുതന്മാരുണ്ട്. അത് അറിവില്ലായ്മയാണ്. എന്നാൽ വിസർജ്യ ടാങ്ക് ഈശാനത്തിൽ വന്നാലുള്ള ഫലം മേൽ പ്രതിപാദിച്ചതാണ്.ഈശാനത്തിൽ സെപ്ടിക് ടാങ്ക് ഉണ്ടായിരുന്നിട്ടും മോശഫലമുണ്ടായില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവിടെ മറ്റ് മൂന്നിടത്തെങ്കിലും കുഴിയോ, അടിയൊഴുക്കുകളോ, ശക്തമായ നീരോട്ടമോ ഉണ്ടാവും. മറ്റു മൂന്ന് മൂലകളിൽ ശക്തമായ വാസ്തുബലവും തെക്ക് പടിഞ്ഞാറും തെക്കും വലിയ ഉയരമുള്ള ഭൂമിയോ നിർമ്മാണമോ ഉണ്ടാവുകയും ചെയ്യാം. ഒന്നുകൂടി വടക്ക് കിഴക്ക് കിണർ കുഴിക്കാമെന്നു കരുതി ചിലർ ഇവിടെ മോട്ടോർ അടിച്ചു കയറ്റുന്ന വെള്ളടാങ്ക് വയ്ക്കാറുണ്ട്.അതും തെറ്റാണ്.ഇങ്ങനെ വച്ചാൽ വടക്ക് കിഴക്ക് ഭാരം കൂടും.അത് മോശഫലം പ്രധാനം ചെയ്യും. കിഴക്കും വടക്കുകിഴക്കും പുരുഷനെ മാത്രമല്ല വീട്ടിലെ കുട്ടികളടക്കം എല്ലാവരെയും സ്വാധീനിക്കും.
ഇത് വായിക്കുന്നവർക്ക് അവരവരുടെ അനുഭവങ്ങളുമായി തട്ടിച്ചു നോക്കാവുന്നതേയുള്ളു. ഇതിൽ പറയുന്നത് സത്യമാണെങ്കിൽ, നിങ്ങൾക്ക് അനുഭവമുണ്ടെങ്കിൽ വാസ്തുവിന്റെ പൊരുളും ശക്തിയും ബോദ്ധ്യപ്പെടും. മറ്റ് ദിക്കുകളും ഫലങ്ങളും അടുത്ത ഞായറാഴ്ച.