ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മേയ് മൂന്നിന് അവസാനിച്ചാലും ട്രെയിൻ, വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചയുണ്ടായത്. ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിയും വ്യോമയാന മന്ത്രി ഹർദീപ് പുരിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
യോഗത്തിനു ശേഷം ഇവർ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ. മേയ് 15 മുതൽ വ്യോമ ഗതാഗതം ആരംഭിക്കാനാണ് നിലവിൽ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടായെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ഹർദീപ് പുരി പറഞ്ഞു.
നേരത്തെ, മെയ് നാല് മുതൽ ആഭ്യന്തര വിമാന സർവീസുകളുടേയും ജൂൺ ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകളുടേയും ബുക്കിംഗ് എയർ ഇന്ത്യ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാരിന്റെ ഉത്തരവിന് ശേഷം മാത്രം ബുക്കിംഗ് തുടങ്ങിയാൽ മതിയെന്ന നിർദേശം വിമാന കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നൽകുകയും ചെയ്തിരുന്നു.