ന്യൂഡൽഹി: പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങൾക്കുള്ള മരുന്നുകൾ വാങ്ങാൻ വരുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ എന്നിവ ശേഖരിക്കണമെന്ന് മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും നിർദേശം നൽകി നാല് സംസ്ഥാനങ്ങൾ. തെലങ്കാന, ആന്ധ്രാപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
പ്രതിദിനം ഈ പട്ടികയിലുള്ളവരെ കണ്ടെത്താനും, ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനുമാണ് ആന്ധ്ര, തെലങ്കാന സർക്കാരുകളുടെ തീരുമാനം. കൊവിഡ് ലക്ഷണങ്ങളെ അടിച്ചമർത്താനോ, പരിശോധനയ്ക്ക് പോകാതിരിക്കുന്നതിനോ, 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയാതിരിക്കാനോ ആണ് നിരവധി ആളുകൾ പാരസെറ്റമോൾ പോലുള്ള മരുന്നുകൾ വാങ്ങുന്നതെന്ന ആശങ്ക അധികൃതർക്ക് ഉണ്ട്.
സ്വയം ചികിത്സ നടത്തിയ നിരവധി ആളുകൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതായി തെലുങ്കാനയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വൈറസിന് സമാനമായ ലക്ഷണങ്ങളുള്ളവരെ പിന്തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. രോഗലക്ഷണങ്ങളുണ്ടെങ്കിലും പരിശോധനയ്ക്ക് പോകാൻ മടിക്കുന്ന ആളുകളുടെ സംശയങ്ങൾ തീർക്കാനായി രണ്ട് ഡോക്ടർമാർ ഉൾപ്പെടുന്ന കൊവിഡ് 19 കൺട്രോൾ റൂം ആന്ധ്രയിൽ സ്ഥാപിച്ചിട്ടുണ്ട്.
പൂനെയിൽ എല്ലാ മെഡിക്കൽ ഷോപ്പുകളിലും സമാനമായ രേഖകൾ സൂക്ഷിക്കാൻ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ചുമ, പനി, തുമ്മൽ, ശ്വസന സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കണം. ഈ ലിസ്റ്റുകൾ എല്ലാ ദിവസവും രാത്രി എട്ടു മണിയോടെ വാട്ട്സ്ആപ്പ് വഴി സമർപ്പിക്കേണ്ടതുണ്ട്.