ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും കൊവിഡ് കേസുകൾ തുടർന്നാൽ ജൂലായ്ക്ക് മുമ്പ് രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യയിൽ നിന്ന് പുറപ്പെടാൻ അനുവദിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.'ഇന്ത്യയിലുൾപ്പെടെ ലോകത്താകമാനം കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വിദേശത്തു നിന്നുള്ള ആളുകളുടെ കടന്നുവരവാണ്. അതിനാൽത്തന്നെ അന്താരാഷ്ട്ര യാത്രകൾ ആരംഭിക്കാൻ സർക്കാർ ഇപ്പോൾ തിടുക്കപ്പെടില്ല' ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം എയർ ഇന്ത്യ ബുക്കിംഗ് പുനരാരംഭിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര, അന്തർ ദേശീയ റൂട്ടുകളിൽ യഥാക്രമം മെയ് നാല് മുതൽ ജൂൺ ഒന്ന് വരെ യാത്രകൾക്കായി ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ ആഭ്യന്തര, അന്തർദേശീയ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതിന് ശേഷമേ വിമാനക്കമ്പനികളോട് ബുക്കിംഗ് പുനരാരംഭിക്കാൻ നിർദ്ദേശിക്കുന്നുള്ളൂവെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി ശനിയാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു.
The Ministry of Civil Aviation clarifies that so far no decision has been taken to open domestic or international operations.
— Hardeep Singh Puri (@HardeepSPuri) April 18, 2020
Airlines are advised to open their bookings only after a decision in this regard has been taken by the Government.@MoCA_GoI @DGCAIndia @AAI_Official
ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയർന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുകയുള്ളു.വിമാന സര്‍വീസുകള്‍ ആരംഭിക്കാൻ സമയമെടുക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.