yogi-governemnt

ലക്നൗ: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ (എം.‌ജി‌.എൻ‌.ആർ‌.ജി.‌എസ്)​ അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കൊവിഡ് 19മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളായ യുവാക്കൾക്ക് എം.‌ജി‌.എൻ‌.ആർ‌.ജി.‌എസിലൂടെ തൊഴിൽ നൽകുമെന്നും റൂറൽ ഡവലപ്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് സിംഗ് പറഞ്ഞു. ഉടൻതന്നെ യുവാക്കൾക്ക് തൊഴിൽ കാർഡ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു കുടുംബത്തിന്റെ തൊഴിൽ കാർഡിൽ ചേർക്കാതെ പോയവരുടെ പേരും കൂട്ടിച്ചേർക്കും. കേന്ദ്ര നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കും. പ്രദേശത്തെ കണ്ടെയ്ൻമെന്റ് ഏരിയക്ക് പുറത്തുള്ള നിർമാണ പ്രവർത്തനങ്ങളാണ് നോക്കുക. ഏപ്രിൽ 20ന്ശേഷം വേണ്ട നിർദേശങ്ങൾ കെെക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ലോക്ക് ഡൗൺ കാരണം ഗ്രാമ മേഖലയിലടക്കം തൊഴിലില്ലായ്മയും സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചു. ഇത് സാമൂഹിക സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും. ഒറിജിനൽ തൊഴിൽക്കാർഡ് നഷ്ടപ്പെട്ടവർക്ക് പുതിയ തൊഴിൽകാർ‌ഡ് നൽകുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

ഗ്രാമപഞ്ചായത്തിലെ മുസഹാർ,​ വന്താംഗിയ തുടങ്ങിയ ഗോത്ര സമുദായങ്ങൾക്കും,​വിധവകൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും തൊഴിൽ കാർഡ് ലഭ്യമാക്കും. എം.‌ജി‌.എൻ‌.ആർ‌.ജി.‌എസിനു കീഴിലുള്ള തൊഴിൽ വേതനം 182ൽ നിന്ന് 201ആയി കേന്ദ്രം അടുത്തിടെയാണ് ഉയർത്തിയത്. തൊഴിലുറപ്പു പദ്ധതിക്കു കീഴിലെ നിർമാണ തൊഴിലിടങ്ങളിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കുമെന്നും മനോജ സിംഗ് വ്യക്തമാക്കി.

ലോക്ക് ഡൗണിൽ ദുരിതത്തിലായ ഗ്രാമങ്ങളിൽ ജലസേചനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും. ഉത്തർപ്രദേശിലെ 39 ജില്ലകളിലൂടെ ഒഴുകുന്ന നദികളായ മനോരമ,​ പാണ്ഡു,​ വരുണ,​ സായ്,​ മോർവ,​മന്ദാകിനിതംസകർണാവതി,​ കിഴക്ക് കാളി തുടങ്ങിയ 16 നദികളുടെ പുനരുജ്ജീവനത്തിനായി പദ്ധതികൾ ഏറ്റെടുക്കും. ഗ്രാമ പഞ്ചായത്ത് തലത്തിലൂടെയാണ് നടപ്പാക്കുക. പ്രധാൻമന്ത്രി ആവാസ് യോജന,​ മുഖ്യമന്ത്രി ആവാസ് യോജന,​ എന്നീ പദ്ധതികളിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നു.