അബുദാബി:പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി.എ.എ) അടുത്തയാഴ്ച കൊവിഡിൽ യു.എ.ഇയിൽ കുടുങ്ങിയ രണ്ടായിരത്തിലധികം പാകിസ്ഥാൻ പൗരന്മാരെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചയക്കാൻ ഒരുങ്ങുന്നതായി ഖലീജ് ടൈംസ് അറിയിച്ചു.ദുബായിൽ നിന്ന് ആഴ്ചയിൽ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, ഫൈസലാബാദ്, മുൾട്ടാൻ എന്നിവിടങ്ങളിലേക്ക് കുറഞ്ഞത് എട്ട് പ്രത്യേക വിമാനങ്ങളെങ്കിലും സർവീസ് നടത്തുമെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു.
ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനാവശ്യമായ സജ്ജീകരണങ്ങൾ സർക്കാർ നടപ്പിലാക്കി കഴിഞ്ഞാൽ, കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.കൊവിഡ് മൂലം ജോലിപോയ പതിനായിരത്തിലധികം പാകിസ്ഥാനികളുൾപ്പെടെ നിലവിൽ 40,000 പേർ ദുബായിലെ പാകിസ്ഥാൻ കോൺസുലേറ്റിൽ തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 20 ന് നാല് വിമാനങ്ങൾ
'ഏപ്രിൽ 20 ന് പി.എ.എ ലാഹോറിലേക്കും കറാച്ചിയിലേക്കും രണ്ട് പ്രത്യേക വിമാന സർവീസുകൾ നടത്തും. ബാക്കി വിമാന സർവീസുകളുടെ വിശദാംശങ്ങൾ ഉന്നത അധികാരികൾ അംഗീകരിച്ചു കഴിഞ്ഞാൽ പങ്കുവെക്കും' -പി.എ.എയുടെ റീജിയണൽ മാനേജർ ഷാഹിദ് മുഗൾ പറഞ്ഞു രണ്ടായിരത്തോളം പേരെ അടുത്തയാഴ്‌ചയോടെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ന്യായമായ നിരക്കിലാണ് സർവീസ് നടത്തുന്നത്. ഇസ്ലാമാബാദ്, ലാഹോർ മേഖലയിലേക്ക് 1,650 ദിർഹം വില നിശ്ചയിച്ചിട്ടുണ്ട്. കറാച്ചിയിലേക്കുള്ള യാത്രക്കാർ 1,550 ദിർഹം നൽകണം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർശനമായ യാത്രാ മുൻകരുതലുകൾ സ്വീകരിക്കും' മുഗൾ പറഞ്ഞു.