covid

ധാക്ക: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നിർദേശങ്ങളാണ് രാജ്യമെമ്പാടും സ്വീകരിച്ച് പോകുന്നത്. അതിനിടയിലാണ് നിയന്ത്രണങ്ങൾ ലംഘിച്ച് ബംഗ്ലാദേശിൽ ഇമാമിന്റെ ശവസംസ്കാരച്ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തത്. കൊവിഡ് വ്യാപനത്തിൽ നിയന്ത്രണങ്ങൾ അനുസരിച്ച് ജുബെെർ അഹമ്മദ് അൻസാരി(55)യുടെ ശവസംസ്കാര ചടങ്ങിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. കുടുംബാംഗങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

എന്നാൽ പുരോഹിതനും പള്ളിയിലെ ജനപ്രിയ പ്രാസംഗികനുമായ ഇമാമിന്റെ സംസ്കാരച്ചടങ്ങിൽ എത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നന്നേ പാടുപെട്ടെന്ന് പൊലീസ് പറയുന്നു. ആളുകൾ തിരമാലപോലെ വന്നെന്നും പൊലീസ് മേധാവി ഷഹാദത്ത് ഹുസെെൻ പറ‌ഞ്ഞു. ഒരുലക്ഷത്തോളം പേർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി.

കൊവിഡ് പടരുന്ന സാഹചര്യത്തിൽ മാർച്ച് 26ന് ബംഗ്ലാദേശിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ചമാസം 300ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 2,200 ആയി ഉയർന്നു. ഒമ്പത് മരണങ്ങളും ശനിയാഴ്ചയുണ്ടായി. ആകെ മരണം 84 ആയി.

എന്നാൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു. റംസാൻ ഉത്സവം ആരംഭിക്കുന്നതിനാൽ വീട്ടിൽത്തന്നെ ഇരുന്ന പ്രാർത്ഥിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു കൂട്ടം പുരോഹിതർ പള്ളിയിൽ വന്ന് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിരുന്നു.