
ന്യൂയോർക്ക്: ഒരേയൊരു യാത്രക്കാരനുമായി വിമാനം പറന്നുയർന്നു. തനിക്ക് കിട്ടിയ വി.ഐ.പി പരിഗണനയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അമേരിക്കക്കാരൻ ബോബ് പിറ്റ്സ്. ലോഡർഡേൽ മുതൽ സെന്റ് ലൂയിസ് വരെയായിരുന്നു യാത്ര.
വിമാനത്തിലെ ഏക യാത്രക്കാരനായതിൽ ബോബ് പിറ്റ്സ് ആശ്ചര്യപ്പെട്ടു. കൂടാതെ വീഡിയോയിലൂടെ തന്റെ അനുഭവം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. മരണപ്പെട്ട അമ്മയെ അവസാനമായി കാണാൻ പോകുകയായിരുന്നു അദ്ദേഹം. അമ്മ മരിച്ചത് കൊവിഡ് കാരണമല്ല.
'വളരെ, വളരെ സവിശേഷമായ ഒരു അനുഭവം' എന്നാണ് അദ്ദേഹം യാത്രയെക്കുറിച്ച് പറഞ്ഞതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചുകൊണ്ടാണ് യാത്ര ചെയ്തത്. 'ഞങ്ങളോടൊപ്പം വന്നതിന് ക്രൂ പിറ്റ്സിനോട് നന്ദി പറയുന്നു. സുരക്ഷാ നിർദ്ദേശങ്ങളെല്ലാം അദ്ദേഹം പാലിച്ചു' അധികൃതർ പറഞ്ഞു.പിറ്റ്സിനോട് സീറ്റ് ബെൽറ്റ് ധരിക്കാനൊക്കെ അധികൃതർ നിർദേശം നൽകുന്നത് വീഡിയോയിൽ കേൾക്കാം.
ഫ്ലൈറ്റ് അറ്റൻഡന്റും പൈലറ്റും അദ്ദേഹത്തെ വ്യക്തിപരമായി സ്വീകരിച്ചു. ജനക്കൂട്ടം ഒഴിഞ്ഞ സമയം ഇല്ലാത്ത വിമാനത്താവളങ്ങളിൽ ആളനക്കമില്ല. കൊവിഡ് വ്യാപനം വ്യോമയാന മേഖലയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഈയൊരു ആഘാതത്തിൽ നിന്ന് കരകയറാൻ മാസങ്ങളെടുത്തേക്കാം.