ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ കൊവിഡിനെ ഹിന്ദുക്കൾക്കും മുസ്ളിങ്ങൾക്കുമിടയിൽ വിഭജനം സൃഷ്ടിക്കാൻ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരി അരുന്ധതി റോയ്. ജർമൻ ചാനലായ ഡി.ഡബ്ല്യൂ ടി.വിക്കുവേണ്ടി നൽകിയ അഭിമുഖത്തിലാണിത്.
'ലോകം സൂക്ഷ്മമായി വീക്ഷിക്കേണ്ട കാര്യങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഞങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൊവിഡിൽ നിന്നും മാത്രമല്ല, വെറുപ്പ്, വിശപ്പ് തുടങ്ങിയവയിൽ നിന്നും കൂടിയാണ്. ഒരു കൂട്ടക്കൊലയ്ക്ക് സമാനമായ അന്തരീക്ഷത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. കൊവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ യുവനേതാക്കളെ അറസ്റ്റ് ചെയ്യുന്നു, അഭിഭാഷകർ, എഡിറ്റർമാർ, ചിന്തകർ എന്നിവർക്കെതിരെ കേസെടുക്കുന്നു. ജൂതന്മാരെ ഒറ്റപ്പെടുത്താനും അവർക്കെതിരെ വെറുപ്പ് പടർത്താനും ടൈഫസ് എന്ന പകർച്ചപ്പനിയെ നാസികൾ ഉപയോഗിച്ചിരുന്നതിന് സമാനമായ രീതിയിലാണ് കൊവിഡിനെ മുസ്‌ലിംങ്ങൾക്കെതിരെ മോദി സർക്കാർഉപയോഗിക്കുന്നത്.'- അരുന്ധതി റോയ് പറഞ്ഞു.