ന്യൂയോർക്ക്: യൂറോപ്പിനെ പാടെ തകർത്ത് കൊവിഡ് മരണം വിതയ്ക്കുന്നു. ലോകത്താകെ കൊവിഡ് മരണം 1.61 ലക്ഷം. രോഗികൾ 23 ലക്ഷം. ലോകത്തെ മരണത്തിന്റെ മൂന്നിൽ രണ്ടും യൂറോപ്യൻ രാജ്യങ്ങളിലാണ്.
ഇതുവരെ 11,53,148 പേർക്കാണ് യൂറോപ്പിൽ മാത്രം കൊവിഡ് ബാധിച്ചത്. മരണം 1,01,493. ഏഷ്യയിൽ ആകെ രോഗികൾ 1,62,256 ഉം മരണം 6,951 ഉം ആണ്.
ലോകത്ത് ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. 39,090 പേർ. രോഗികൾ ഏഴ് ലക്ഷം കടന്നു. ആകെ മരണത്തിൽ 17,671 പേരും ന്യൂയോർക്കിലാണ്. എന്നാൽ, ന്യൂയോർക്കിൽ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന് ഗവർണർ ആൻഡ്രൂ കൂമോ പറയുന്നു. കൊവിഡിനിടയിലും ന്യൂയോർക്കിൽ മെട്രോ ട്രെയിനുകൾ ഓടുന്നുണ്ട്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ നേതൃത്വത്തിൽ ഇളവുകൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ്.
ഇറ്റലി -23,227, സ്പെയിൻ-20,453, ഫ്രാൻസ് -19,323, ബ്രിട്ടൻ -15,464 എന്നിവയാണ് ഉയർന്ന മരണനിരക്കുള്ള രാജ്യങ്ങൾ.
ബ്രിട്ടനിലെ കെയർ ഹോമുകളിൽ വൃദ്ധരും ഭിന്ന ശേഷിയുള്ളവരുമായി നാലായിരത്തിലേറെ മരണം
ബ്രിട്ടനിൽ കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ അടിയന്തര ദൗത്യ സംഘം. സർക്കാർ ധനസഹായത്തോടെ 21 ഗവേഷണങ്ങൾ നടക്കുന്നു.
സ്പെയിനിൽ കുട്ടികൾക്ക് പുറത്തിറങ്ങാം
കൊവിഡ് മരണത്തിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിനിൽ ഇന്നലെ 419 പേർ മരിച്ചു. പ്രതിദിന മരണം കുറഞ്ഞെങ്കിലും ആകെ മരണം 20,639ത്തിൽ എത്തിയതോടെ മേയ് ഒൻപത് വരെ രാജ്യത്ത് ലോക്ക്ഡൗൺ നീട്ടി. 27 മുതൽ കുട്ടികൾക്ക് വീടിന് പുറത്ത് ഇറങ്ങാൻ അനുമതി നൽകി. മാർച്ച് 14 മുതൽ കുട്ടികൾ പുറത്തിറങ്ങുന്നത് വിലക്കിയിരുന്നു. നിലവിൽ അത്യാവശ്യ കാര്യങ്ങൾക്ക് മുതിർന്നവർക്ക് മാത്രമേ പുറത്തിറങ്ങാനാകൂ.
ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ള ബ്രസീലിൽ രോഗികൾ 36,000 കടന്നു. മരണം 206 ആയി.
ഫ്രാൻസിൽ രോഗവ്യാപനത്തിന് വേഗം കുറഞ്ഞെന്ന് വിലയിരുത്തൽ.
ഇറാനിൽ ആരാധനാലയങ്ങൾ മെയ് നാല് വരെ അടഞ്ഞു കിടക്കുമെന്ന് പ്രസിഡന്റ് ഹസൻ റുഹാനി. റംസാൻ പ്രാർത്ഥന അടുത്ത ആഴ്ച തീരുമാനിക്കും. തലസ്ഥാനമായ ടെഹ്റാൻ ഭാഗികമായി തുറന്നു.
അൾജീരിയയിൽ ലോക്ക് ഡൗൺ നീട്ടി.
ഉസ്ബക്കിസ്ഥാനിൽ സാമൂഹിക അകലം നിർബന്ധമാക്കി
ചൈനയിൽ 27 പേർക്ക് കൊവിഡ്. ഇതിൽ 17 ഉം പുറത്തുനിന്നെത്തിയവർ. വുഹാൻ വിടുന്നവർക്ക് പരിശോധന നിർബന്ധം.
പശ്ചിമേഷ്യയിൽ രോഗികളുടെ എണ്ണത്തിൽ തുർക്കി ഒന്നാമത്-- 82,329
പാകിസ്ഥാനിൽ റംസാൻ മാസത്തിൽ പള്ളികൾ തുറക്കും.