pak

ന്യൂഡൽഹി: കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിന്റെ താഴികക്കുടങ്ങൾ തകർന്ന വിഷയത്തിൽ ഇന്ത്യ ഇടപെട്ടെന്ന് റിപ്പോർട്ടുകൾ. ഘടനകൾക്ക് ഉണ്ടായ നാശനഷ്ടം സിഖ് സമുദായത്തിലെ അംഗങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഇന്ത്യ പാകിസ്ഥാനോട് ചൂണ്ടിക്കാട്ടിയെന്നും, സമൂഹത്തിന്റെ ശക്തമായ വിശ്വാസത്തെ പൂർണ്ണമായി മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.


പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇത് അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിലെ കർതാർപൂരിൽ അടുത്തിടെ നവീകരിച്ച ഗുരുദ്വാരയുടെ രണ്ട് താഴികക്കുടങ്ങൾ വെള്ളിയാഴ്ച വൈകുന്നേരത്തെ ഇടിയിലും മഴയിലും തകർന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

'ഗുരുദ്വാരയുടെ താഴികക്കുടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് സങ്കടകരമാണ്. സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഞാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.'ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡി.എസ്.ജി .എം. സി) പ്രസിഡന്റ് മഞ്ജിന്ദർ സിംഗ് സിർസ ട്വീറ്റ് ചെയ്തു. അതേസമയം, ഇത് അസാധാരണമായ കാര്യമല്ലെന്ന് പാകിസ്ഥാൻ സിഖ് ഗുരുദ്വാര പർഭന്ധക് കമ്മിറ്റി (പി.എസ്.ജി.പി.സി) പ്രസിഡന്റ് സത്വന്ത് സിംഗ് പറഞ്ഞു. ഇടിമിന്നലിൽ പാക്കിസ്ഥാനിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടമുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.