kpl

തിരുവനന്തപുരം : സംസ്ഥാനത്തെ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗായ കേരള പ്രിമിയർ ലീഗ് ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ കേരള സൂപ്പർ ലീഗായി പുനസംഘടിപ്പിക്കാൻ കെ.എഫ്.എ ആലോചിക്കുന്നു.കേരള പ്രിമിയർ ലീഗിന് പ്രതീക്ഷിച്ചതുപോലെ ആരാധക പിന്തുണ നേടിയെടുക്കാൻ കഴിയാതെ വന്നതോടെയാണ് പരിഷ്കരണത്തിന് കേരള ഫുട്ബാൾ അസോസിയേഷൻ ആലോചന തുടങ്ങിയത്. അതേസമയം പുതിയ ആശയം പ്രതീക്ഷകൾക്കൊപ്പം സംസ്ഥാനത്തെ ക്ളബുകളിൽ ആശങ്കകളും വളർത്തുന്നുണ്ട്.

നിലവിൽ ഡിപ്പാർട്ട്മെന്റൽ ടീമായ കേരള പൊലീസ് ഉൾപ്പടെ പത്ത് ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന പ്രിമിയർ ലീഗ് സംസ്ഥാനത്തെ എട്ട് നഗരങ്ങളെ കേന്ദ്രീകരിക്കുന്ന എട്ട് ഫ്രാഞ്ചൈസികളിലേക്ക് ചുരുക്കാനാണ് ആലോചന.

പരിഷ്കരണം ഇങ്ങനെ

ഐ.എസ്.എൽ പോലെ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തും.ഒാരോ ഫ്രാഞ്ചൈസിക്കും ഒരോ ഐക്കൺ പ്ളേയർ ഉണ്ടായിരിക്കും.നിശ്ചിത എണ്ണം വിദേശതാരങ്ങളെയും പങ്കെടുപ്പിക്കാം.യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും രണ്ടാം ഡിവിഷൻ ക്ളബുകളിൽ നിന്നുള്ള കളിക്കാരെവേണം പങ്കെടുപ്പിക്കാൻ.

ടീമിൽ നിശ്ചിത എണ്ണം അണ്ടർ -23 , അണ്ടർ-20 കളിക്കാരെയും ഉൾപ്പെടുത്തി യുവതലമുറയ്ക്ക് അവസരം ഉറപ്പാക്കാനുള്ള ശ്രമമവും ഉണ്ടാകും. സിനിമാരംഗത്തെയും മറ്റും പ്രമുഖരെ ടീം അംബാസഡർമാരാക്കി ആരാധകശ്രദ്ധ നേടാനുള്ള തന്ത്രങ്ങളും ആലോചിക്കാം.

ആശങ്ക

ഫ്രാഞ്ചൈസി രൂപീകരിക്കുമ്പോളുള്ള വലിയ സാമ്പത്തിക ഭാരമാണ് ഏറ്റവും വലുത്. സാമ്പത്തിക പരിമിതികൾ കാരണം പ്രിമിയർ ലീഗിൽ നിന്ന് ഒാരോ സീസണിലും ക്ളബുകൾ പിന്മാറുകയായിരുന്നു. ലീഗിൽ പങ്കെടുക്കുന്നതിന് കെ.എഫ്.എയ്ക്ക് പണം നൽകേണ്ടതും ഹോം മാച്ചുകൾ സ്വന്തംചെലവിൽ നടത്തേണ്ടതുമാണ് ടീമുകളെ ബുദ്ധിമുട്ടിലാക്കുന്നത്. കളി കാണാൻ വേണ്ടത്ര കാണികൾ എത്താത്തത് മറ്റൊരു തിരിച്ചടി.

പ്രതീക്ഷ

ലീഗ് ഐ.എസ്.എൽ മാതൃകയിലേക്ക് മാറുമ്പോൾ കാണികളെ ആകർഷിക്കാനാകും എന്ന ഉറച്ച പ്രതീക്ഷയാണ് ഫുട്ബാൾ അസോസിയേഷനുള്ളത്. കൂടുതൽ സ്പോൺസർമാരെ ആകർഷിക്കാനും അതിലൂടെ ഫ്രാഞ്ചൈസികൾക്ക് സാമ്പത്തിക അടിത്തറയുണ്ടാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.