തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേർക്ക് മാത്രമാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂർ, കാസർകോഡ് സ്വദേശികളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവർ രണ്ടുപേരും വിദേശത്ത് നിന്നും വന്ന ആളുകളാണെന്നതാണ് ലഭിക്കുന്ന വിവരം. കണ്ണൂർ ജില്ലയിലെ ആൾ അബുദാബിയിൽ നിന്നും കാസർകോഡ് ജില്ലയിലെ രോഗബാധിതൻ ദുബായിൽ നിന്നുമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്ന് രോഗം ഭേദമായത് 13 പേർക്കാണ്. കാസർകോഡ് ജില്ലയിൽ എട്ട് പേർക്കും കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതവുമാണ് രോഗം ഭേദമായിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 129 ആയി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം ആകെ 270 ആണ്. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണവും കുറഞ്ഞ് വരികയാണ്. നിലവിൽ 55, 590 പേർ മാത്രമാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 55, 129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ ഇരിക്കുന്നത്. ഇന്ന് 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. അതേസമയം മഹാമാരിയുടെ പിടിയിൽ നിന്നും സംസ്ഥാനം മുക്തമാകുന്ന വേളയിൽ പതുകെ ഇളവുകളിലേക്ക് നീങ്ങുകയാണ് കേരളം.