ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) നയം ഭേദഗതി ചെയ്‌ത കേന്ദ്ര തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഡാറ്റാ സംരക്ഷണം. നിലവിലെ സമ്പദ്‌ഞെരുക്കം മുതലെടുത്ത്, ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടാൻ ശ്രമിക്കുന്ന വിദേശ നിക്ഷേപകരിൽ മുന്നിലാണ് ചൈന.
ചൈനീസ് കമ്പനികൾ സ്വന്തമായി വികസിപ്പിച്ച സോഫ്‌റ്ര്‌വെയറും ആപ്പുകളുമാണ് വിവര കൈമാറ്റങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇന്ത്യൻ കമ്പനികളുടെ നിയന്ത്രണം ചൈന സ്വന്തമാക്കിയാൽ, ഡാറ്റയുടെ നിയന്ത്രണവും ചൈനയ്ക്കാകും. ഇതു തടയാനാണ്, ഓഹരി നിക്ഷേപത്തിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന നയം വാണിജ്യ മന്ത്രാലയം തിരുത്തിയത്.
ഇനിമുതൽ, ഇന്ത്യൻ സ്ഥാപനത്തിൽ 9.99 ശതമാനത്തിനുമേൽ ഓഹരി പങ്കാളിത്തം നേടണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. ഇതിനകം ചൈന 620 കോടി ഡോളറിന്റെ നിക്ഷേപം (എഫ്.ഡി.ഐ) ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. ബിഗ് ബാസ്‌കറ്റ്, ബൈജൂസ്, പേടിഎം, ഒല, ഒയോ റൂംസ്, ഫ്ളിപ്‌കാർട്ട്, ഡെൽഹിവെറി, ഡ്രീം11, പോളിസിബസാർ, ക്വിക്കർ, സ്വിഗ്ഗി, സൊമാറ്രോ തുടങ്ങിയവയിൽ ചൈനീസ് നിക്ഷേപമുണ്ട്. അടുത്തിടെ, മുംബയ് ആസ്ഥാനമായുള്ള എച്ച്.ഡി.എഫ്.സിയിലെ ഓഹരി പങ്കാളിത്തം ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് 1.01 ശതമാനമായി ഉയർത്തിയിരുന്നു.