പ്രാഗ്: ഓസ്കാർ ജോതാവും ലോകപ്രശസ്ത ആനിമേറ്ററും സംവിധായകനുമായ ജീൻ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വാർദ്ധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ജീൻ, പ്രാഗിലെ തന്റെ ഫ്ലാറ്റിൽ കഴിയവെയാണ് മരണം എത്തിയത്.
വ്യോമസേനയിൽ പൈലറ്റായി ജോലി ചെയ്തിരുന്ന ജീൻ ആരോഗ്യകാരണങ്ങൾ മൂലം ജോലി രാജിവച്ചു. തുടർന്ന് ആനിമേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അദ്ദേഹം ആവിഷ്കരിച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം 'മൻറോ" ലോക പ്രശസ്തി നേടി. മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള ഓസ്‌കർ പുരസ്കാരവും മൻറോയ്ക്ക് ലഭിച്ചു. സിഡ്നീസ് ഫാമിലി ട്രീ, നഡ്നിക്ക്, ഹൗ ടു അവോയ്ഡ് ഫ്രണ്ട്ഷിപ്പ് എന്നീ ചിത്രങ്ങൾക്ക് ഓസ്‌കാർ നാമനിർദ്ദേശവും ലഭിച്ചു. അമേരിക്കയിൽ പണ്ട് ഏറെ പ്രശസ്തമായിരുന്ന ടോം ടെറിഫിക് എന്ന കാർട്ടൂൺ കഥാപാത്രത്ത സൃഷ്ടിച്ചതും ജീനാണ്. 'ടോം ആൻഡ് ജെറി" ഫിലിം സീരിസിലെ 13 ചിത്രങ്ങളും 'പൊപ്പോയ് ദ സെയിലർ" സീരിസിലെ ഏതാനും ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. മൂന്ന് തവണ വിവാഹിതനായ ജീനിന്റെ നിലവിലെ ഭാര്യ നജ്മനോവയാണ്. പ്രശസ്ത കാർട്ടൂണിസ്റ്റ് കിം ഡീച്ച് ഉൾപ്പെടെ മൂന്ന് മക്കളുണ്ട്.