വുഹാൻ : കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരം വുഹാനിലെ പ്രമുഖ ഫുട്ബാൾ ക്ളബായ വുഹാൻ സാളിന്റെ കളിക്കാർ 104 ദിവസത്തിന് ശേഷം സ്വന്തം നാട്ടിൽ മടങ്ങിയെത്തി.വുഹാനിൽ രോഗം തലപൊക്കിയപ്പോൾ തന്നെ ഇവിടെനിന്ന് മാറിയിരുന്ന ടീമിന്റെ തിരിച്ചുവരവ് ആഘോഷമാക്കാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. വുഹാനിൽ നിന്ന് കൊവിഡ് പടിയിറങ്ങിയതോടെയാണ് ടീമിനെ തിരിച്ചെത്തിച്ചത്.
ജനുവരി ആദ്യവാരം രോഗവിവരങ്ങൾ പുറത്തറിഞ്ഞപ്പോൾ മറ്റൊരു ചൈനീസ് നഗരമായ ഗാങ‌്ചൗവിലായിരുന്നു ടീം. രാജ്യത്ത് രോഗം വ്യാപിക്കുന്നതിനാൽ ജനുവരി അവസാനത്തോടെ സ്‌പെയ്ൻകാരനായ കോച്ച് ജോൺ ഗോൺസാലസിന്റെ നാടായ മലാഗയിലേക്ക് പറന്നു. എന്നാൽ അവിടെയെത്തി പരിശീലനം തുടങ്ങിയപ്പോൾ സ്‌പെയ്‌നും രോഗത്തിന്റെ പിടിയിലമർന്നിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും സ്പെയ്നിലെ വിമാനസർവീസുകൾ നിറുത്തിയിരുന്നു. അവിടെ നിന്ന് റോഡ് മാർഗം ജർമ്മനിയിലെത്തി. ജനുവരി മുതൽ വുഹാൻ ലോക്ക്ഡൗണിലായിരുന്നതിനാൽ മറ്റൊരു ചൈനീസ് നഗരമായ ഷെൻഷെനിലേക്ക് കഴിഞ്ഞ മാസം ടീമെത്തി.
ഷെൻഷെനിൽ മൂന്ന് ആഴ്‌ച ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം വുഹാനിലെ ലോക്ക്ഡൗൺ അവസാനിക്കാനുള്ള കാത്തിരിപ്പായിരുന്നു. ഒടുവിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ടീമിന് നാട്ടിലെത്താൻ അനുമതി ലഭിച്ചത്.ഷെൻഷെനിൽ നിന്ന് ട്രെയിൻ മാർഗമാണ് വുഹാനിലെത്തിയത്. ടീമിന്റെ ഒാറഞ്ച് ജഴ്സിയണിഞ്ഞ് പൂക്കളുമായി നൂറുകണക്കിന് പേരാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാനെത്തിയത്. മൂന്നുമാസത്തിലേറെയായി നാട്ടിൽ നിന്ന് വിട്ടുനിന്ന കളിക്കാരും സ്വീകരണത്തിൽ വികാരഭരിതരായി .കുറച്ചുദിവസം കുടുംബാംഗങ്ങളുമായി ചെലവിട്ടശേഷം ബുധനാഴ്ച മുതൽ ഹോംഗ്രൗണ്ടിൽ പരിശീലനം പുനരാരംഭിക്കാനാണ് ക്ളബിന്റെ തീരുമാനം.
വുഹാനിൽ നിന്നുള്ള ടീമെന്ന നിലയിൽ പോയിടത്തെല്ലാം ആളുകൾ സംശയദൃഷ്ടിയോടെയാണ് തന്റെ കളിക്കാരെ നോക്കിയിരുന്നതെന്ന് കോച്ച് പറയുന്നു.ഇവർ സഞ്ചരിക്കുന്ന വൈറസുകളല്ല, ഫുട്ബാൾ കളിക്കാരാണെന്ന് പലരെയും പറഞ്ഞുമനസിലാക്കാൻ പ്രയാസപ്പെടേണ്ടിവന്നു.ഏതായാലും സ്വന്തം നാട്ടിൽ തിരിച്ചെത്താനായത് കളിക്കാർക്ക് ഏറെ ആശ്വാസം പകർന്നിട്ടുണ്ടെന്ന് കോച്ച് പറയുന്നു. ചൈനീസ് സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തവരാണ് വുഹാൻ സാൾ.