slum-tourism

ഡെറാഡൂൺ: വിദേശത്ത് നിന്ന് ഇന്ത്യ കാണാനെത്തിയ ടൂറിസ്റ്റുകൾ 'പാപ്പരായതോടെ' ലക്ഷ്വറി ഹോട്ടൽ വിട്ട് താമസം ഗുഹയിലാക്കി. കുടിക്കാൻ ഗംഗാനദിയിലെ ജലം. കഴിക്കാൻ പച്ചിലകളും പഴങ്ങളും. നദിക്കരയിൽ തീ കൂട്ടി പാചകം... ഒടുവിൽ പൊലീസ് കയ്യോടെ പൊക്കി ക്വാറന്റൈനിലാക്കി.

ഉത്തരാഖണ്ഡിലെ തീർത്ഥാ‌ടന നഗരമായ ഋഷികേശിന് സമീപം ഗുഹയിൽ താമസമാക്കിയ ആറ് വിദേശികളാണ് പൊലീസ് പിടിയിലായത്. ഇവരിൽ മൂന്നു സ്ത്രീകളുമുണ്ട്.

തുർക്കി, അമേരിക്ക, ഫ്രാൻസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇവർ ഇന്ത്യ സന്ദർശിക്കാനെത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൈയിൽ കരുതിയ പണമെല്ലാം തീർന്നു. താമസിച്ചിരുന്ന ലക്ഷ്വറി ഹോട്ടൽ ഒഴിഞ്ഞു. ലക്ഷ്‌മൺ ജുലയിലെ ഗംഗാതീരത്തെ ഗുഹയിൽ താമസം തുടങ്ങി. ശനിയാഴ്ച വൈകിട്ട് നാട്ടുകാരാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടുമാസം മുമ്പാണ് സംഘം ഋഷികേശിലെത്തിയത്.

ഗുഹയ്ക്ക് സമീപം മരച്ചില്ലകൾ ഉപയോഗിച്ച് ഇവർ ഭക്ഷണം പാകം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഗംഗാ നദിയിലെ ജലമാണ് ഇവർ കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

പരിശോധനയിൽ ഇവരിലാർക്കും കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ലക്ഷ്മൺ ജുല പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ രാകേന്ദ്ര സിംഗ് കതൈത്ത് പറഞ്ഞു.