kerala

തിരുവനന്തപുരം: മഹാമാരിയുടെ പിടിയിൽ നിന്നും സംസ്ഥാനം മുക്തമാകുന്ന വേളയിൽ പതുകെ ഇളവുകളിലേക്ക് നീങ്ങുകയാണ് കേരളം. ഒരു മാസം നീണ്ട കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമാണ് കേരളം ഇളവുകൾ കൊണ്ടുവരാൻ ആരംഭിക്കുന്നത്. നാളെ മുതൽ ഗ്രീൻ സോണിൽ ഉൾപ്പെട്ട ഇടുക്കി, കോട്ടയം ജില്ലകളിൽ മറ്റന്നാൾ മുതൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങും.അതേസമയം മൂന്നാറിൽ നിയന്ത്രണങ്ങൾ തുടരും. ഓറഞ്ച് ബിയിൽ പെട്ട ജില്ലകളായ തിരുവനന്തപുരം, വയനാട്, തൃശൂർ, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലും നാളെ മുതൽ ഇളവുകൾ നിലവിൽ വരും.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന റജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്‍റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിർമാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. മണ്‍സൂണിന് മുൻപുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. നിയന്ത്രണങ്ങൾ നീങ്ങുമെങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്നും കൊവിഡ് പ്രതിരോധം തുടരണമെന്നത് മറക്കരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ ഓർമിപ്പിച്ചു.

അതേസമയം കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകൾ ഉൾപ്പെട്ട ഓറഞ്ച് എ മേഖലകളിൽ ഈ ഇളവുകൾ ശനിയാഴ്ച മുതലാണ് നിലവിൽ വരിക. അതേസമയം, കാസർകോട് കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഇളവുകൾക്കായി മെയ് മൂന്ന് വരെ കാത്തിരിക്കണം. മെയ് മൂന്ന് വരെ സംസ്ഥാനത്ത് ബസ് സർവീസ് ഉണ്ടായിരിക്കില്ല. അന്തർ ജില്ലാ ഗതാഗതവും അനുവദിക്കില്ല. റെഡ്‌ സോൺ ഒഴികെയുള്ള ജില്ലകളിൽ നാളെ മുതൽ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.