സരോജത്തിന്റെ മകൾ നിലയും വിലയുമില്ലാത്ത ഒരു യുവാവിനൊപ്പം ഇറങ്ങിപ്പോയ വാർത്ത നാട്ടിൻപുറത്ത് കാട്ടുതീ പോലെ പടർന്നു. ആശ്വസിപ്പിക്കാൻ നിരവധിപേർ വന്നു. ചിലർ ആത്മാർത്ഥമായി ദുഃഖിച്ചു. ചിലർ പുണ്ണിൽ തീക്കൊള്ളി വയ്ക്കും പോലെ അർത്ഥം വച്ച് സംസാരിച്ചു. തമാശയും സ്റ്റണ്ടും നിറഞ്ഞ ഒരു വിനോദചിത്രം എന്നതിനപ്പുറം മറ്റുള്ളവരുടെ അനുഭവവും ജീവിതവും പലരും കണക്കാക്കാറില്ല. അയലത്തെ വീട്ടിലെ ദുരനുഭവം സ്വന്തം വീട്ടിലേക്ക് ഗേറ്റ് തുറന്നുവരുമ്പോഴായിരിക്കും പലരും അന്തംവിട്ടുപോകുന്നത്.
ആശ്വസിപ്പിക്കാൻ വന്നവർ, പിരിഞ്ഞുകഴിഞ്ഞതിനുശേഷമാണ് ഭർത്താവിനുമുന്നിൽ സരോജം തന്റെ ദുഃഖങ്ങളിറക്കിവച്ചത്. പത്തുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് മകളെ പ്രസവിച്ചത്. അന്ന് പലക്ഷേത്രങ്ങളിലും നേർച്ചകൾ നേർന്നിരുന്നു. ആ നേർച്ചക്കടങ്ങൾ പലതും വീട്ടിയിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ഇരുപത് തികഞ്ഞത്. മൊത്തം മുപ്പത് വർഷത്തെ കാത്തിരിപ്പും പ്രതീക്ഷയുമാണ് കൊഴിഞ്ഞത്. പലതും പറഞ്ഞ് കരഞ്ഞ ഭാര്യയെ ആശ്വസിപ്പിക്കാൻ ദുഃഖം മനസിലമർത്തി ഭർത്താവ് ആവുംവിധം ശ്രമിച്ചു.
മുംബയ്യിൽ പഠിക്കുന്ന മകൻ കഴിഞ്ഞ ദിവസം വിളിച്ച് ആശ്വസിപ്പിച്ചു. ഇനി അമ്മയ്ക്കും അച്ഛനും ഒരു സന്തതിയേയുള്ളൂവെന്ന് കരുതിയാൽ മതി. അവൾക്ക് അനുകമ്പ കുറേ കൂടുതലായിരുന്നു. അതാണ് ഈ വിനയൊക്കെ ഉണ്ടാക്കിയത് എന്ന മകന്റെ കുറ്റപ്പെടുത്തൽ ശരിയെന്ന് സരോജത്തിനും തോന്നാതിരുന്നില്ല.
സരോജം രണ്ടാഴ്ച ആശുപത്രിയിൽകിടന്നപ്പോൾ മകൾ കൂടെയുണ്ടായിരുന്നു. തൊട്ടടുത്ത കട്ടിലിൽ ഒരു വൃദ്ധ. അന്വേഷിച്ചുവരാൻ ആരുമില്ല. സന്ദർശകരുമില്ല. നല്ല ഉദ്യോഗത്തിലിരുന്നതായിരുന്നു. നല്ല പെൻഷനുണ്ട്. ഒരു മകനെ എടുത്തുവളർത്തുന്നു. അവൻ വല്ലപ്പോഴും വന്നാലായി. സരോജത്തിന്റെ നിർബന്ധം കൊണ്ട് മകൾ വൃദ്ധയുടെ കാര്യങ്ങളും നോക്കി. അവർക്ക് സ്വന്തം മകളെപ്പോലെ. ഇതുപോലൊരുമകൾ എനിക്കുണ്ടായിരുന്നെങ്കിൽ. സരോജം എത്രഭാഗ്യവതിയെന്ന് ഇടയ്ക്കിടെ വൃദ്ധ പറയുമായിരുന്നു.
ആശുപത്രിവിടുന്ന ദിവസം എടുത്തു വളർത്തുന്ന പയ്യൻ ആട്ടോയുമായി വന്നു. സരോജത്തിന്റെ മകളെ കെട്ടിപ്പിടിച്ച് വൃദ്ധ കരഞ്ഞു. പിന്നെ അവളുടെ മൊബൈൽ നമ്പരും വാങ്ങി. സ്നേഹം തോന്നുമ്പോൾ ഒന്നുവിളിക്കാമല്ലോ. കുറേ ദിവസം കഴിഞ്ഞ് മകൾ രാത്രി ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ട് സരോജം തിരക്കി. അത് ആ വൃദ്ധരോഗിയുടെ വളർത്തുമകനാണ്. സരോജത്തിന് ആ വിളി അത്ര രസിച്ചില്ല. പലകുറി അവർ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. മകളിറങ്ങിപ്പോയശേഷമാണ് മുറിച്ചുമാറ്റാനാകാത്തവിധം ആ ബന്ധം വളർന്നു എന്ന് അവർ തിരിച്ചറിയുന്നത്. ഓരോ ദിവസവും കലണ്ടറിൽ നോക്കി സരോജം ഭർത്താവിനോട് പറയും. ഇന്ന് അവൾ പോയിട്ട് നൂറ്റിയെഴുപതായി. നൂറ്റി എഴുപത്തിയൊന്നായി എന്നൊക്കെ. ആറുമാസം തികയുന്ന ദിവസം ഭർത്താവ് രാവിലെ സരോജത്തിനോട് പറഞ്ഞു. ഇന്നലെ മകൾ വിളിച്ചിരുന്നു. ഞാനൊരു മുത്തച്ഛനാകാൻ പോകുന്നുവെന്ന്. അയാളുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം. ആ സന്തോഷം കെടുത്തുംപോലെ സരോജം മകന്റെ വാക്കുകൾ അയാളെ ഓർമ്മിപ്പിച്ചു. കുടുംബത്തെ നാണം കെടുത്തിക്കൊണ്ട് ഇറങ്ങിപ്പോയ സഹോദരിയെ സ്വീകരിക്കുന്നദിവസം മുതൽ ഞാൻ നിങ്ങളുടെ ആരുമായിരിക്കില്ല. എന്തുവേണം എന്തു ചെയ്യണമെന്ന് അപ്പോൾ തീരുമാനിക്കും. മകന്റെ വാക്കുകൾ ഇടിത്തീപോലെ വീടിനുമുകളിൽ വീഴുന്നതായി സരോജത്തിന് തോന്നി.
(ലേഖകന്റെ ഫോൺ : 9946108220)