lock-down

തിരുവനന്തപുരം : ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ റെഡ് സോൺ അല്ലാത്ത മേഖലകളിൽ നാളെ മുതൽ നിലവിൽ വരും. പച്ച,​ ഓറഞ്ച് ബി മേഖലകളിലായിരിക്കും ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ഇളവുകൾ നിലവിൽ വരികയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ഇതിൽ ഏറ്റവും പ്രധാനമാണ് വാഹനങ്ങളുടെ ഉപയോഗം. ഗ്രീൻ സോണിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് ജില്ലകളിലൊഴിച്ച് മറ്റ് ജില്ലകളിൽ ഏതാനും ഉപാധികളോടെ വാഹനം അനുവദിക്കുന്നുണ്ട്.

ഒറ്റ-ഇരട്ടയക്ക നമ്പർ സംവിധാനമാണ് വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രയോജനപ്പെടുത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ഒറ്റയക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്ക് നിരത്തുകളിലിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ 1,3,5,7,9 എന്നീ ഒറ്റ സംഖ്യകളിൽ അവസാനിക്കുന്ന വാഹനങ്ങൾ മാത്രമേ ഈ മൂന്ന് ദിവസങ്ങളിൽ നിരത്തില്‍ അനുവദിക്കൂ.

ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ഇരട്ടയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് അത്യാവശ്യകാര്യങ്ങൾക്കായി നിരത്തുകളിലിറങ്ങാം. 0,2,4,6,8 എന്നീ ഇരട്ട സംഖ്യകളിൽ അവസാനിക്കുന്ന വാഹനങ്ങൾ മാത്രമേ ഈ ദിവസം നിരത്തുകളിൽ അനുവദിക്കുകയുള്ളൂ. അല്ലാത്ത വാഹനങ്ങള്‍ മതിയായ കാരണമില്ലാതെ നിരത്തുകളിൽ ഇറക്കാൻ അനുവദിക്കില്ല.

സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഒറ്റ-ഇരട്ടയക്ക നമ്പർ സംവിധാനം ബാധകല്ല. യാത്ര അനുവദിച്ചിട്ടുള്ള ജില്ലകളിൽ സ്ത്രീകള്‍ക്ക് എല്ലാ ദിവസവും വാഹനം ഓടിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിലേക്കുള്ള യാത്രകൾ സ്ത്രീകൾക്കും ഒറ്റ-ഇരട്ടയക്ക വാഹനങ്ങൾക്കും വിലക്കുണ്ട്

ഏപ്രിൽ 20 മുതൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് വാഹനം അനുവദിക്കുന്നത്. ഏപ്രിൽ 24 മുതൽ പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകൾക്കും ഇളവ് നൽകുന്നുണ്ട്. എന്നാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽമേയ് മൂന്ന് വരെ കർശന ലോക്ക്ഡൗൺ തുടരും.