മാവേലിക്കര: ലോകപ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച ഭാരത സർക്കാരിന്റെ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ഇടം നേടി. ലോക പൈതൃക ദിനത്തിലാണ് ഈ അംഗീകാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.
2010ൽ യുനെസ്കോ ഏഷ്യാ പസഫിക് മേഖലയുടെ ചെയർമാൻ അറുമുഖം പരശുരാമൻ, കേന്ദ്ര സാംസ്കാരിക വകുപ്പ് സെക്രട്ടറി രൂപ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചെട്ടികുളങ്ങരയിൽ എത്തിയിരുന്നു. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ അഭ്യർത്ഥന പ്രകാരം എത്തിയ സംഘം കുംഭഭരണി സമയത്ത് കെട്ടുകാഴ്ചകളുടെ നിർമ്മാണം, ഇതുമായി ബന്ധപ്പെട്ട കൂട്ടായ്മ, മറ്റ് ആചാരങ്ങൾ എന്നിവ മനസിലാക്കിയാണ് മടങ്ങിയത്. ഇവർ കേരള സർക്കാരിന്റെയും സാംസ്കാരിക വകുപ്പിന്റെയും സഹകരണത്തോടെ അനുബന്ധ രേഖകളും കെട്ടുകാഴ്ചയെ സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും 2011ൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു.
2012ൽ ഭാരത സർക്കാർ ഈ നോമിനേഷൻ യുനെസ്കോയ്ക്ക് സമർപ്പിച്ചു. തുടർന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി യുനെസ്കോയുടെ ഔദ്യോഗിക പേജിൽ ചെട്ടികുളങ്ങര കെട്ടുകാഴ്ച സ്ഥാനം പിടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അനന്യ സംസ്കാര സംരക്ഷണ പൈതൃക പട്ടികയിൽ ചെട്ടികുളങ്ങര കുംഭഭരണിയെ ഉൾപ്പെടുത്തിയത്.
പ്രാദേശിക കൂട്ടായ്മയ്ക്ക് ഇതാദ്യം
ആദ്യമായാണ് ഒരു പ്രാദേശിക കൂട്ടായ്മയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഓണാട്ടുകരയുടെയും ക്ഷേത്ര നഗരിയുടെയും വികസനത്തിന് ഉതകുന്ന പ്രോജക്ടുകൾ നൽകാൻ സാംസ്കാരിക മന്ത്രാലയം ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷനെ അറിയിച്ചിട്ടുണ്ട്. കെട്ടുകാഴ്ച നിർമ്മാണത്തിനുള്ള സഹായങ്ങൾ, ക്ഷേത്രനഗരിയുടെ സൗന്ദര്യവത്കരണം, കെട്ടുകാഴ്ച നിർമ്മിക്കുന്നവർക്കുള്ള സഹായം, വിനോദ സഞ്ചാര, അദ്ധ്യാത്മിക ടൂറിസം പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തുള്ള സഹായങ്ങൾ, കെട്ടുകാഴ്ച മ്യൂസിയം എന്നിങ്ങനെയുള്ള പദ്ധതികൾ നൽകാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.