ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ദൗർബല്യം ദയവില്ലായ്മയാണെന്നും അദ്ദേഹത്തിന് കരുതലും ക്ഷമാശീലവുമില്ലെന്നും തുറന്നുപറഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രശാന്ത് കിഷോർ. 'ദ വയർ' വാർത്താ വെബ്‌സൈറ്റിന് വേണ്ടി പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് പ്രശാന്ത് ഈ അഭിപ്രായം പറഞ്ഞത്.
നരേന്ദ്ര മോദിയുടെ അവിശ്വസനീയമായ അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും ആർ.എസ്.എസ് പ്രചാരകനായി അദ്ദേഹം 10 മുതൽ 12 വർഷങ്ങൾ വരെയാണ് പ്രവർത്തിച്ചതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി. തുടർന്ന് അധികം താമസിയാതെ അദ്ദേഹം ബി.ജെ.പിയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തിയതും ജനറൽ സെക്രട്ടറി വരെയായി മാറിയ കാര്യവും പ്രശാന്ത് കിഷോർ ഓർമിപ്പിച്ചു.
12 വർഷം നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നതും ഇപ്പോൾ ആറ് വർഷക്കാലമായി ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം രാജ്യം ഭരിക്കുന്നതും ഈ അനുഭവപരിചയത്തിന്റെ ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 'ജനങ്ങൾ എന്താണ് ചിന്തിക്കുക എന്നും എന്താണ് അവർക്ക് അനുഭവവേദ്യമാകുകയെന്നും അദ്ദേഹത്തിന് അറിയാൻ സാധിക്കുന്നത് ഈ അനുഭവപരിചയം കൊണ്ടാണ്.'-പ്രശാന്ത് കിഷോർ പറയുന്നു.
2012ലാണ് രാഷ്ട്രീയത്തിലുള്ള തന്റെ അഭിരുചി മോദിയാണ് തിരിച്ചറിഞ്ഞതെന്നും പിന്നീട് അത് അദ്ദേഹം ഉപയോഗപ്പെടുത്തിയെന്നും പ്രശാന്ത് കിഷോർ സൂചിപ്പിച്ചു. ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി താൻ തുടരുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇനി താൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയില്ലെന്നും തങ്ങൾ ഇരുവരും വേറിട്ട പാതകളിലാണ് ഇപ്പോഴെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
2014 ബി.ജെ.പിക്ക് വൻവിജയം നേടിക്കൊടുത്തതും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചതും പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളായിരുന്നു. ശേഷം ക്യാപ്റ്റൻ അമരീന്ദർ സിംഗ്, നിതീഷ് കുമാർ, അരവിന്ദ് കേജ്‌രിവാൾ, വൈ.എസ്. ജഗൻമോഹൻ റെഡ്ഢി എന്നിവർക്ക് വൻപിച്ച തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടാൻ പ്രശാന്ത് കിഷോർ സഹായിച്ചിരുന്നു. നിലവിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുയോടൊപ്പം പ്രവർത്തിച്ച് വരികയാണ് പ്രശാന്ത്.