വക്കം: പൊലീസിനെക്കണ്ട് ഭയന്നോടിയ മദ്ധ്യവയസ്ക്കനെ ആറ്റുതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കീഴാറ്റിങ്ങൽ തിനവിള ലക്ഷം വീട് കോളനിയിൽ വിക്രമൻ (55) ആണ് മരിച്ചത്. കാൻസർ രോഗിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മേൽകടയ്ക്കാവൂർ അയന്തി കടവിന് സമീപം സുഹൃത്തുക്കളുടെ ചീട്ടുകളി നോക്കി നിൽക്കുകയായിരുന്നുവിക്രമൻ. ഇതിനിടെ, പൊലീസ് ജീപ്പ് വരുന്നതുകണ്ട് ചീട്ടുകളിക്കാരും കാഴ്ചക്കാരും ചിതറിയോടി. കുറച്ചുകഴിഞ്ഞ് എല്ലാവരും മടങ്ങിയെത്തിയെങ്കിലും വിക്രമനെ മാത്രം കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നദിക്കരയിലെ മുളങ്കാട്ടിനുസമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വയനാട്ടിൽ നിന്ന് അടുത്തിടെയാണ് തിനവിളയിലെ വീട്ടിലെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ.