ന്യൂഡൽഹി : മാസ്ക് ധരിക്കാതെ പെട്രോളടിക്കുവാൻ എത്തുന്നവർക്ക് ഇന്ധനം നൽകില്ലെന്ന് പെട്രോളിയം ഡീലർമാരുടെ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ആൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അജയ് ബൻസാൽ പറഞ്ഞു.
കൊവിഡ് വൈറസ് ബാധ കണക്കിലെടുത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ, ഇന്ത്യയിലുടനീളമുള്ള പമ്പുകളിൽ മാസ്ക് ധരിക്കാത്തവർക്ക് ഇന്ധനം വിൽക്കേണ്ടെന്ന് തീരുമാനിച്ചതായി അസോസിയേഷൻ അറിയിച്ചു. 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുകയാണ് പമ്പുകൾ. ലോക്ക്ഡൗൺ കാലത്ത് ജീവനക്കാർ ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടുകയാണ്. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച് കർശനമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ നിർബന്ധിതരാണെന്നും അജയ് ബൻസാൽ പറഞ്ഞു.