covid-19

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 165,000 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. അമേരിക്കയിൽ മാത്രം നാൽപതിനായിരത്തോളം പേരാണ് മരിച്ചത്. ന്യൂയോർക്കിലാണ് പകുതിയോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു.എസിൽ ഏഴ് ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.


ന്യൂയോർക്കിൽ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന് ഗവർണർ ആൻഡ്രൂ കൂമോ പറഞ്ഞു. കൊവിഡിനിടയിലും ന്യൂയോർക്കിൽ മെട്രോ ട്രെയിനുകൾ ഓടുന്നുണ്ട്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ നേതൃത്വത്തിൽ ഇളവുകൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ്.

അതേസമയം, യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയിലും കുറവുള്ളതായി റിപ്പോർട്ടുണ്ട്. ഇതുവരെ പതിനൊന്ന് ലക്ഷത്തിൽ കൂടുതൽ പേർക്കാണ് യൂറോപ്പിൽ മാത്രം കൊവിഡ് ബാധിച്ചത്. മരണം ഒരു ലക്ഷം കടന്നു. കൊവിഡ് ഏറ്റവും കൂടുതൽ പിടിച്ചുകുലുക്കിയ രാജ്യങ്ങളിലൊന്നാണ് ഇറ്റലി, രാജ്യത്ത് 23,660 പേർ മരിച്ചു. സ്പെയിനിൽ 20,453പേരും ഫ്രാൻസിൽ 19,744 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.