covid-19

ന്യൂഡൽഹി: ഇന്ത്യ മുഴുവൻ കൊവിഡിനെ തുരത്താനുള്ള കഠിന പരിശ്രമത്തിലാണ്. രാജ്യത്ത് ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗത്തോട് പൊരുതുകയാണ് നമ്മൾ. ഡോക്ടറും നഴ്സുമാരും നിയമപാലകരും കേന്ദ്ര-സംസ്ഥാന സർക്കാരുകളുമൊക്കെ ഈ മഹാമാരിയെ തുരത്താൻ ഊണും ഉറക്കവും ഉപേക്ഷിച്ച് നെട്ടോട്ടമോടുകയാണ്. അതിനിടയിൽ ആരോഗ്യ വിദഗ്ദ്ധർക്ക് ഏറ്റവും വെല്ലുവിളിയുയർത്തുന്നത് എന്താണെന്ന് അറിയാമോ?

കഴിഞ്ഞ ദിവസം ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രോഗലക്ഷണങ്ങളില്ലാത്ത 186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ കർണാടക, അസം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ രോഗലക്ഷണളുള്ളവരേക്കാൾ കൂടുതൽ ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരാണെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യൻ നാവികസേനയിൽ രോഗം സ്ഥിരീകരിച്ച 66% പേർക്കും ചുമ, പനി, പോലുള്ള ലക്ഷണങ്ങൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ഇത് തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കാര്യം.

'ചില ആളുകളിൽ ദിവസങ്ങൾക്കോ അല്ലെങ്കിൽ ആഴ്ചകൾക്കോ ശേഷമായിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാവുക. എന്നാൽ അതിനുമുമ്പ് തന്നെ അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടർന്നിരിക്കാം. പ്രായമായവരേക്കാളും വിട്ടുമാറാത്ത രോഗങ്ങളുള്ളവരേക്കാളും ചെറുപ്പക്കാരായ ആരോഗ്യമുള്ള ആളുകൾക്കാണ് ഇത്തരത്തിൽ രോഗ ലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് ബാധിക്കുന്നത് കൂടുതൽ '-ഒരു വിദഗ്ദ്ധൻ പറയുന്നു. ആരോഗ്യമുള്ള കൊവിഡ് ബാധിതരായ യുവാക്കൾക്ക് ലക്ഷണങ്ങളില്ലാതെ തുടരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ചൈനയിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കാതെ, ഹോട്ട്‌സ്‌പോട്ടുകളിലും, വൈറസ് ബാധയ്ക്ക് സാദ്ധ്യതയുള്ള എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കണമെന്നും, ഇതുവഴി ലക്ഷണങ്ങളില്ലാത്ത കൂടുതൽ കൊവിഡ് ബാധിതരെ കണ്ടെത്താൻ സാധിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കൊവിഡ് 19 നെതിരെ ഒരു ചികിത്സയോ വാക്‌സിനോ വികസിപ്പിക്കുന്നതുവരെ, ഇത്തരത്തിലുള്ള വൈറസ് വ്യാപനത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗം മാസ്‌ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും, ഇടയ്ക്കിടെ കൈ കഴുകലുമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.