സോൾ : ലോക രാജ്യങ്ങളിൽ കൊവിഡ് രോഗം പടർന്ന് പിടിക്കുമ്പോൾ തങ്ങളുടെ രാജ്യത്ത് ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. എന്നാൽ ഉത്തര കൊറിയയുടെ ഈ വാദത്തെ ആരോഗ്യ പ്രവർത്തകർ ചോദ്യം ചെയ്യുകയാണ്. 2.4 ദശലക്ഷം ആളുകളെ ബാധിച്ച കൊവിഡ് രോഗം ഉത്തര കൊറിയയെ ബാധിച്ചിരിക്കാം എന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
കൊവിഡ് പൊട്ടിപുറപ്പെട്ട ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഉത്തര കൊറിയ. ജനുവരിയിൽ തന്നെ ഉത്തര കൊറിയ ചൈനയുമായുള്ള അതിർത്തി അടച്ചു പൂട്ടിയിരുന്നു. എങ്കിലും കള്ളക്കടത്ത് ഉൾപ്പെടെ ഇപ്പോഴും നടന്നു വരുന്നതായാണ് റിപ്പോർട്ട്. അതേസമയം ഉത്തര കൊറിയയിലെ ജനങ്ങളോട് പരിശോധന നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലന്നാണ് അറിയാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ എത്രപേർക്ക് വൈറസ് ബാധ ഉണ്ടായെന്ന് കണ്ടെത്താനും സാധ്യമല്ല. ഈ കാരണത്താൽ തന്നെ ഉത്തര കൊറിയയിൽ വൈറസ് ബാധ ഉണ്ടായേക്കാമെന്ന സംശയം വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു.
ആരോഗ്യ മേഖലയിൽ ഏറെ പിന്നിൽ നിൽക്കുന്ന ഉത്തര കൊറിയയുടെ സ്വേച്ഛാധിപത്യ ഭരണമാണ് കൊവിഡ് രോഗം അംഗീകരിക്കാതിരിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. ഇത് ഏറെ സംശയങ്ങൾക്ക് വഴിവെക്കുന്നു.