ഋശികേശ്: രാജ്യത്ത് കൊവിഡ് പടർന്നുപിടിക്കുന്നതിനിടയിൽ ഹോട്ടലിൽ നിന്ന് ഗുഹയിലേക്ക് താമസം മാറ്റിയ ആറ് വിദേശ വിനോദസഞ്ചാരികളെ പൊലീസ് കണ്ടെത്തി. ഇവരെ നിരീക്ഷണത്തിനായി ഋശികേശിന് സമീപമുള്ള ആശ്രമത്തിലേക്ക് മാറ്റി. ഫ്രാൻസ്,അമേരിക്ക, ഉക്രയിൻ,തുർക്കി നേപ്പാൾ എന്നിവടങ്ങളിൽ നിന്ന് വന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്.
ഇവർ മാർച്ച് 24 മുതൽ ഉത്തരാഖണ്ഡിലെ ഋശികേശിനടുത്തുന്ന ഒരു ഗുഹയിലാണ് താമസിക്കുന്നതെന്ന് പൊലീസ് ഇൻസ്‌പെക്ടർ രാജേന്ദ്ര സിംഗ് കഥൈറ്റ് പറഞ്ഞു. അവരെ ഇപ്പോൾ "സ്വർഗ്" ആശ്രമത്തിലേക്ക് മാറ്റിയെന്നും, കൊവിഡ് ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ താമസിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
'ലോക്ക് ഡൗൺ ആരംഭിക്കുന്നതിനുമുമ്പ് ഒരു ഹോട്ടലിലായിരുന്നു ഇവരുടെ താമസം. എന്നാൽ പണം തീർന്നതിന് ശേഷം അവർ ഗുഹയിലേക്ക് മാറി. എന്നിരുന്നാലും ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാൻ കുറച്ച് പണം കയ്യിലുണ്ടായിരുന്നു.'- പൊലീസ് പറഞ്ഞു. 700 ഓളം വിദേശ വിനോദ സഞ്ചാരികൾ ഋഷികേശിൽ താമസിക്കുന്നതായി അധികൃതർ പറയുന്നു.