1. കൊവിഡ് ഡാറ്റാ ശേഖരണത്തിന് ആയി സര്‍ക്കാര്‍ നിയോഗിച്ച സ്പ്രിംഗ്ലര്‍ കമ്പനിക്ക് അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനിയായ ഫൈസറുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. കൊവിഡിന് എതിരെ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന ഫൈസറുമായി 2014 മുതല്‍ സ്പ്രിംഗ്ലറിന് ഇടപാടുണ്ട്. ഫൈസറിന് മരുന്ന് നിര്‍മ്മാണത്തിനും, ഗവേഷണത്തിനും, വിപണനത്തിനും ഡാറ്റ അടക്കമുള്ള വിവരങ്ങള്‍ നല്‍കുന്നത് സ്പ്രിംഗ്ലര്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം. വിവര ശേഖരണത്തിന് സ്പ്രിംഗ്ലറിന്റെ സഹായം തേടി എന്ന് ഫൈസര്‍ വ്യക്തമാക്കുന്നു. ഡാറ്റാ മോഷണത്തിന് അമേരിക്കയില്‍ കേസുള്ള കമ്പനിക്ക് കരാര്‍ നല്‍കിയത് സംസ്ഥാനത്തെ ജനങ്ങളുടെ വിവരങ്ങള്‍ വില്‍ക്കാനുള്ള വലിയ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരെ സി.പി.ഐയും രംഗത്ത് എത്തിയിട്ടുണ്ട്.
2. കേരളം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചതായി കേന്ദ്രസര്‍ക്കാര്‍. വര്‍ക്ക് ഷോപ്പുകള്‍,ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, പുസ്തകശാലകള്‍ എന്നിവ സംസ്ഥാനത്ത് തുറന്നത് തെറ്റാണ് എന്നാണ് കേന്ദ്ര നിലപാട്. ഇതു സംബന്ധിച്ച് സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. പുതുക്കിയ കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് സംസ്ഥാനം ഇളവ് അനുവദിച്ചത് ആണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചത് ആണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും. മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണം എന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്ത് ഇരിക്കുന്നത്.
3. 2005 ലെ ദേശീയ ദുരന്ത നിവാരണ നിയന്ത്രണ നിയമ പ്രകാരമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15ന് ഹോട്ട്സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2005 ലെ നിയമത്തെ അടിസ്ഥാനം ആക്കി ആയിരുന്നു ഈ മാര്‍ഗ രേഖ. എന്നാല്‍ സംസ്ഥാനം ഈ മാര്‍ഗ രേഖയിലെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തില്‍ വെള്ളംചേര്‍ത്തു കൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അയച്ച കത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇത്തരമൊരു ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരം ഇല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തില്‍ സംസ്ഥാനം ഇന്ന് തന്നെ നിലപാട് അറിയിക്കും.
4. അതേസമയം, കേന്ദ്രത്തിന്റെ അനുമതി കിട്ടിയിരുന്നു എന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ്. മാര്‍ഗ നിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കേന്ദ്രത്തിന്റെ പ്രതികരണം പരിശോധിക്കും. ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെത് തെറ്റിദ്ധാരണ മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് അറിയാന്‍ പരിശോധന കര്‍ശനമാക്കി പൊലീസ്.
5. റെഡ് സോണും ഹോട്ട് സ്‌പോട്ടുകളും ഒഴികെ ഏഴ് ജില്ലകളില്‍ നീണ്ട കാലത്തെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിതുടങ്ങി. ഗ്രീന്‍ സോണുകളായ ഇടുക്കി, കോട്ടയം ജില്ലകളിലും ഓറഞ്ച് ബിയില്‍പ്പെട്ട തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട് , തൃശൂര്‍ ജില്ലകളിലാണ് ഹോട്ട് സ്‌പോട്ടുകളായ ചില പ്രദേശങ്ങളില്‍ ഒഴികെ നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ അയവ് വന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇളവുകളുടെ പരിധിയില്‍പ്പെടുന്ന മേഖലകളില്‍ മനുഷ്യജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ഉള്ള ശ്രമങ്ങളാണ് പലയിടത്തും കാണാനായത്. വാഹന ഗതാഗതത്തിന് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇളവുകള്‍ പഴുതാക്കി ജനം പലസ്ഥലത്തും രാവിലെ തന്നെ വാഹനങ്ങളുമായി കൂട്ടത്തോടെ റോഡിലിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് തിരക്ക് വര്‍ദ്ധിക്കാനും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ നടപടികളെ തകിടം മറിയ്ക്കാനും ഇടയാക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
6. രാജ്യത്ത് രോഗലക്ഷണങ്ങള്‍ ഇല്ലാതെ ആളുകളില്‍ കൊവിഡ് പടരുന്നു. പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് ബാധിതരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ ബോംബെ ഹോസ്പിറ്റലില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവര്‍ അസമില്‍ 82 ശതമാനവും ഉത്തര്‍പ്രദേശില്‍ 75, മഹാരാഷ്ട്ര 65 ശതമാനവും എന്നിങ്ങനെ ആണ്. ഇവരുടെ പ്രായം 20 നും 45നും ഇടയിലാണ്. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച 192 പേരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവിടെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. മരണം 45 ആയി. ഇവിടെ കൊവിഡ് തീവ്രബാധിത മേഖലകള്‍ 79 ആയി.
7. രാജ്യത്ത് ആകെ 17,265 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചു. ഇതില്‍ 14,175 പേര്‍ ചികിത്സയില്‍ ആണ്. 2547 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 36 മരണം നടന്നു. ഇതേ സമയം കൊണ്ട് 1553 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ കഴിഞ്ഞ ദിവസം മരിച്ച ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ചുള്ള മരണം 16 ആയി.