തിരുവനന്തപുരം: സ്പ്രിൻഗ്‌ളർ കമ്പനിയുടെ വ്യക്തിവിവര ശേഖരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം ആരോപണം കനപ്പിച്ചതോടെ മുഖ്യമന്ത്രിക്കും സർക്കാരിനും പ്രതിരോധം ചമച്ച് സി.പി.എം നേതൃത്വം രംഗത്ത്. ആധാർ അടക്കമുള്ള വിഷയങ്ങളിൽ വ്യക്തിയുടെ സ്വകാര്യതാ ചൂഷണം ആരോപിക്കുന്ന ഇടതുപക്ഷത്തിന്റെ അഖിലേന്ത്യാ കാഴ്ചപ്പാടിന് വിരുദ്ധമാണ് കേരളത്തിലെ ഇടതുസർക്കാർ സ്പ്രിംഗ്‌ളർ ഇടപാടിൽ കൈക്കൊണ്ടതെന്ന വിമർശനമുയരുമ്പോഴും ,കൊവിഡിന്റെ അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി വേണ്ടിവരുമെന്ന വാദത്തിലൂന്നി സർക്കാരിനെ ന്യായീകരിക്കുകയാണ് പാർട്ടി നേതൃത്വം.
ആധാർ സംബന്ധിച്ച സുപ്രീംകോടതി കേസിലും വ്യക്തിയുടെ സ്വകാര്യതയ്ക്കായി ഉറച്ച നിലപാടെടുത്ത സി.പി.എമ്മിന് അതിൽ നിന്ന് മാറിയൊരു നിലപാട് അസാദ്ധ്യമാണ്. എന്നാൽ, കൊവിഡ് ദുരന്തകാലത്തെ കേരളത്തിന്റെ അതിജീവനം മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്..അതിനാൽ, സർക്കാരിന്റേത് സദുദ്ദേശ്യത്തോടെയുള്ള സമീപനമായി പാർട്ടി കാണുന്നു. ഭാവിയിൽ ഇത്തരമൊരു കരാർ സൃഷ്ടിക്കാനിടയുള്ള വരുംവരായ്കകകളും പാർട്ടി മുന്നിൽക്കാണുന്നു. പ്രളയകാലത്ത് കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട് കെ.പി.എം.ജി എന്ന സ്വകാര്യ ഏജൻസിയുമായി ഐ.ടി വകുപ്പ് കരാറിലേർപ്പെട്ടത് വിവാദമായപ്പോൾ ,പിന്നീട് സർക്കാർ ഒഴിവാക്കി.അത് പോലുള്ള നീക്കം കൊവിഡാനന്തരകാലത്തും തള്ളിക്കളയാനാവില്ല. പാർട്ടി അവൈലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ തിരുവനന്തപുരത്ത് ചേരുമ്പോൾ സ്പ്രിംഗ്‌ളർ വിവാദവും ചർച്ചയാകാം.
സി.പി..ഐയ്ക്ക് അതൃപ്തി
കേരളത്തിലെ ഫലപ്രദമായ കൊവിഡ് അതിജീവനം ആഗോളതലത്തിൽ പ്രകീർത്തിക്കപ്പെടുന്നത് കമ്യൂണിസ്റ്റ് ഭരണമാതൃകയെന്ന വിലയിരുത്തലോടെയാണ്. സംസ്ഥാനത്തും പിണറായിസർക്കാരിന് മികച്ച പ്രതിച്ഛായ സൃഷ്ടിക്കാനായി. ലോകത്തെ തന്നെ ഫലപ്രദമായ ബദൽ രാഷ്ട്രീയമുയർത്തിപ്പിടിക്കുന്നുവെന്ന പ്രതീതിയെ മായ്ച്ചുകളയാൻ സി.പി.എമ്മോ സി.പി.ഐയോ ആഗ്രഹിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിൽ ഇതുവരെ കേരളസർക്കാരെടുത്ത സമീപനം അപാകതയില്ലാത്തതാണെന്ന് ഇരുനേതൃത്വങ്ങളും വിലയിരുത്തുകയുമാണ്.
അതിനിടയിൽ കല്ലുകടിയായെത്തിയ വിവാദം സി.പി.ഐക്കകത്ത് അതൃപ്തിയുളവാക്കിയിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതയെ മൗലികാവകാശമായി സംരക്ഷിക്കുന്ന നയസമീപനം ഇടത് കാഴ്ചപ്പാടായി ഉയർത്തിപ്പിടിക്കുമ്പോൾ ഇങ്ങനെയൊരു വിവാദം ക്ഷണിച്ചുവരുത്തണമായിരുന്നോയെന്ന സന്ദേഹം അവരിലുണ്ട്. എന്നാൽ കൊവിഡ് അതിജീവനത്തിന്റെ കേരള മോഡലിന് ഭംഗമുണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ തൽക്കാലം പരസ്യപ്രതികരണത്തിനില്ല. കെ.എം. ഷാജി വിവാദത്തിലും അതിലേക്ക് സി.എച്ച്.മുഹമ്മദ് കോയ കുടുംബത്തെ വലിച്ചിഴച്ചതിലുമെല്ലാം സി.പി.ഐക്ക് അതൃപ്തിയുണ്ട്.
സ്പ്രിംഗ്‌ളർ കമ്പനി ഇടപാട് അടിയന്തര സാഹചര്യത്തിൽ ഐ.ടി വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ സ്വന്തം വിവേചനാധികാരമുപയോഗിച്ചെടുത്ത തീരുമാനമെന്ന് വ്യാഖ്യാനിക്കാൻ ഇടതുകേന്ദ്രങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അസാധാരണ സാഹചര്യത്തിലെ അസാധാരണസമീപനമെന്ന് പറഞ്ഞ സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള, ബാക്കി കാര്യങ്ങൾ പിന്നീട് പരിശോധിക്കാമെന്നാണ് വ്യക്തമാക്കിയത്. കരാറിലെ വരുംവരായ്കകൾ പാർട്ടി ഇഴകീറി വിശകലനം ചെയ്യേണ്ടിവരുമെന്ന സൂചന ഇതിലൂടെ നൽകുന്നു. ആ ഘട്ടത്തിൽ അതൊരു ഉദ്യോഗസ്ഥതലത്തിലെ വിവേചനബുദ്ധിക്കനുസരിച്ച നീക്കമായി തള്ളാനും മതി.