covid-19
COVID 19

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനമൊന്നാകെ പൊരുതുമ്പോൾ അധികമാരും അറിയാതെ അക്ഷീണം പ്രയത്നിക്കുന്ന ഒരു വിഭാഗമുണ്ട്, അസി. ലേബ‌ർ ഓഫീസ‌ർമാ‌ർ (എ.എൽ.ഒ). ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തുടനീളം പാർപ്പിച്ചിരിക്കുന്ന മൂന്നര ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ചുമതലയാണ് തൊഴിൽ വകുപ്പിന് കീഴിലുള്ള എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലെ ഈ ഉദ്യോഗസ്ഥർക്കുള്ളത്.

ഇത്രയും വലിയ ദൗത്യത്തിന് സംസ്ഥാനത്താകെയുള്ളത് 102 എ.എൽ.ഒമാർ മാത്രമാണ്. ഒരു താലൂക്കിൽ ഒരു എ.എൽ.ഒ എന്നതാണ് കണക്ക്. ഇവരെ സഹായിക്കാൻ ഒരു ക്ളാർക്കും ഒരു പ്യൂണും മാത്രമാണുള്ളത്. അന്യസംസ്ഥാന തൊഴിലാളികളുടെ ഫോൺകോളുകൾക്ക് മറുപടി പറയുക, പരാതികൾക്ക് പരിഹാരം കാണുക, ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ജോലി. കൂടാതെ താലൂക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുതും വലുതുമായ നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ട ചുമതലയും അവിടത്തെ എ.എൽ.ഒയ്ക്കാണ്. തൊഴിലുടമ - തൊഴിലാളി തർക്കങ്ങൾ പരിഹരിക്കുക, സ്ഥാപനങ്ങളിൽ പരിശോധന നടത്തുക, തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ആ ചമതലകൾ.

ഇതിനിടയിൽ ആവാസ് ഇൻഷുറൻസ് പദ്ധതിയുടെ വിവരശേഖരണം നടത്തിയതും ഇവരാണ്. കൂടുതൽ തസ്തികകൾ അനുവദിച്ച് വകുപ്പ് പുന:സംഘടിപ്പിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നതാണ് ജീവനക്കാരുടെ പരാതി.

 സംസ്ഥാനത്തെ എ.എൽ.ഒ മാർ - 102

 അവസാനം തസ്തിക നിർണയം നടത്തിയത് - 1980ൽ

 രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ - നാലുലക്ഷം