തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകളിൽ തിരുത്തുവരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങളെന്നും, ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തിൽപെടുത്തുമെന്ന് ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ബാർബർഷോപ്പും ഹോട്ടലും തുറക്കാനുള്ള ഉത്തരവും, ബൈക്കിൽ രണ്ടുപേർക്ക് സഞ്ചരിക്കാനുള്ള ഉത്തരവും കേരളം തിരുത്തിയിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. കേരളം നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്രനിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും, ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ലോക്ക് ഡൗൺ ഇളവുകളിൽ തിരുത്തു വരുത്തുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ബാർബർ ഷോപ്പ് പ്രവർത്തനം, റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിയ്ക്കൽ എന്നിവ പിൻവലിക്കുമെന്നാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാവുകയാണ് ജനങ്ങൾ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒരു സമൂഹത്തെ ഒന്നാകെ അപകടത്തിൽ പെടുത്തുമെന്നോർക്കുക. അവസരോചിത ഇടപെടലുകളാണ് സർക്കാരുകൾ നടത്തേണ്ടത്. തെറ്റു തിരുത്താൻ തയ്യാറായതിൽ സന്തോഷം