കണ്ണൂർ: പ്രവാസികളെയടക്കം വലയിലാക്കാൻ ലക്ഷ്യമിട്ട് മണിചെയിൻ മാഫിയ വീണ്ടും സംസ്ഥാനത്ത് ശക്തിയോടെ തിരിച്ച് വരുന്നു. പരമ്പരാഗത രീതികളൊക്കെ ഉപേക്ഷിച്ച് ഇ കൊമേഴ്സ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പകൽ കൊള്ള നടക്കുന്നത്. മുൻപ് സമാനമായ തട്ടിപ്പ് നടത്തി ജയിലിൽ കഴിഞ്ഞ പ്രതിയുടെ കമ്പനിയടക്കം നിരവധി എണ്ണമാണ് പ്രവർത്തിക്കുന്നത്.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി മാത്രം പതിനായിരത്തോളം പ്രവാസി മലയാളികളിൽ നിന്നായി പത്ത് ലക്ഷം മുതൽ മുപ്പത് ലക്ഷം രൂപ വരെ കൈപ്പറ്റിയെന്നാണ് സൂചന. നിയമങ്ങൾ പാലിച്ച് മാത്രം പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ ഏജന്റുമാരെ വൻതുക കമ്മീഷൻ നൽകിയും ഇവർ തങ്ങളുടെ ആളാക്കി മാറ്റുന്നു. സാധാരണക്കാർ ചോരയും വിയർപ്പുമൊഴുക്കി സമ്പാദിച്ച പണവുമായി ഇവർ വീണ്ടും മുങ്ങിയാൽ എന്ത് ചെയ്യുമെന്ന ചോദ്യം ഉയരുകയാണ്.
അതിവേഗത്തിൽ വളരുന്ന കമ്പനിയാണ് തങ്ങളുടെതെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിക്കുന്നത്. കമ്പനിയുടെ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇരുപത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പത്ത് ശതമാനം പണം ഉടനെ തിരിച്ച് നൽകുന്നതാണ് രീതി. ആദ്യ മൂന്ന് മാസം ലാഭ വിഹിതം നൽകും. ഇതിനിടെ രണ്ട് പേരെ ഇതുപോലെ നിക്ഷേപകരായി എത്തിച്ചാൽ രണ്ടര ലക്ഷം രൂപ വീതം നൽകും. തുടർന്ന് ഒരു വർഷം കഴിയുമ്പോൾ കമ്പനിയുടെ രജിസ്ട്രേഷൻ മാറ്റും. ലാഭ വിഹിതം മുടങ്ങുന്നതോടെ സമീപിക്കുന്നവരോട് ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇടിവ് വന്നതോടെ കമ്പനി നഷ്ടത്തിലായെന്നാണ് ന്യായീകരണം പറയുക. അവസാനം പലരും കയ്യിൽ കിട്ടിയതുമായി മടങ്ങും. പുരയിടവും ആഭരണങ്ങളും പണയം വച്ച് പോലും ഇവരുടെ ചാക്കിൽ വീഴുന്നവരുണ്ട്.
ചില കമ്പനികൾ അഞ്ച് വർഷത്തോളമായി യാതൊരു നിയന്ത്രണങ്ങളെയും കൂസാതെയാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. അതേസമയം ട്രേഡ് ലൈസൻസ് ഓരോ വർഷവും പുതിയതായി കാണും. കേരളത്തിൽ ഡയറക്ട് സെല്ലിംഗിന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടാണ് അനുമതി നൽകേണ്ടത്. എന്നാൽ ഇവർക്കിത് ലഭിച്ചിട്ടില്ല.
തൃശൂരിലെ കമ്പനിയുടെ ഉടമ നേരത്തെ ഇൻഷ്വറൻസ് കമ്പനികളുടെ ഇടപാടിന്റെ പേരിൽ രജിസ്റ്റർ ചെയ്താണ് 2008 മുതൽ 2010 വരെ പ്രവർത്തിച്ചിരുന്നത്. തുടർന്ന് ഇത്തരം തട്ടിപ്പ് നടത്തിയതോടെ പിടിക്കപ്പെട്ടു. അന്ന് ഇതിൽ പങ്കാളിയായിരുന്ന എ.എസ്.ഐയും നടപടി നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ ഉടമ 2010 ലാണ് ആറു മാസം ശിക്ഷിക്കപ്പെട്ടത്. ഇപ്പോഴത്തെ കമ്പനി മൾട്ടി ലെവൽ മാർക്കറ്റിംഗ് അനുമതി പോലുമില്ലാതെയാണ് രണ്ടര വർഷമായി പ്രവർത്തിക്കുന്നത്. ഇവരുടെ വെബ്സൈറ്റിൽ പോലും രജിസ്ട്രേഷൻ സംബന്ധിച്ച വിവരമില്ലെന്നും ജി.എസ്.ടി നമ്പർ പോലും ഈ വർഷമാണ് വന്നതെന്നും സൂചനയുണ്ട്.
മാർച്ച് 31 വരെയാണ് വൻ തുക നിക്ഷേപം സ്വീകരിച്ചത്. ഇപ്പോൾ ഡിജിറ്റൽ അച്ചീവർ എന്ന പേരിൽ 15000 രൂപ വീതമാണ് പിരിക്കുന്നത്. 12000 വീതം കമ്പനി എടുത്ത് മൂവായിരം രൂപയുടെ സമ്മാനം നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതുപോലും നൽകാനായിട്ടില്ല. ദിവസവും ലാഭ വിഹിതം കിട്ടുമെന്നാണ് വാഗ്ദാനം. ആളെ ചേർക്കുന്നവർക്കുള്ള കമ്മീഷനും വേഗത്തിൽ നൽകുന്നുണ്ട്. തായ്‌ലന്റ് ആസ്ഥാനമായ മറ്റൊരു കമ്പനിയും വൻ തോതിൽ ഇടപാട് നടത്തുന്നുണ്ട്. ഇവർ ഡോളറിലാണ് ഇടപാട് നടത്തുന്നത്.
തൃശൂരിലെ കമ്പനിയുടെ ക്യാമ്പിൽ പങ്കെടുക്കാൻ ആദ്യം എണ്ണൂറു രൂപ അടക്കണം . തുടർന്നുള്ള സ്ലാബിലേക്ക് മാറാൻ പതിനായിരം രൂപ അടക്കാം. ഇതിലെ 12000 രൂപ വിഭജിച്ച് എല്ലാവർക്കുമായി കമ്പനി നൽകും. അടുത്ത ഘട്ടത്തിൽ ലക്ഷങ്ങളുടെ ഇടപാടാണ്. ഇതിൽ തലപ്പത്തുള്ള നാൽപതോളം പേരിലേക്കാണ് പണം എത്തുക. പരാതി ഉണ്ടായാൽ നിയമ നടപടി ഒരാളിൽ മാത്രം കേന്ദ്രീകരിക്കും. പണം ബിനാമി പേരുകളിൽ നിക്ഷേപിച്ച് പതിയെ തലയൂരുകയും ചെയ്യും. പഴയ കേസിന് ശേഷവും ഇങ്ങനെയാണ് ഉടമ ഊരിപ്പോയതെന്നാണ് ആക്ഷേപം.
2017 ജൂലൈ നാലിനാണ് തൃശ്ശൂർ വാരിയം ലെയിനിലെ ഓഫീസ് കേന്ദ്രീകരിച്ച് തട്ടിപ്പ് സ്ഥാപനം നടത്തിയവരെ അഡീഷണൽ സി.ജെ.എം. കോടതി ശിക്ഷിച്ചത്. പൊലീസുകാരനും ഭാര്യയും ഉൾപ്പെടെ അഞ്ചുപേർക്ക് അഞ്ചുവർഷം തടവും 2,45,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. 500ലേറെ പേരിൽനിന്നും പണം തട്ടിച്ച സംഭവത്തിൽ തൃശ്ശൂർ സ്വദേശികളായ പ്രഭാകരൻ, ശ്രീദേവി എന്നിവരുടെ പരാതിയിലാണ് വിധിയുണ്ടായത്.