covid-death

ചെന്നൈ: കൊവിഡ് 19 മൂലം മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം. ചെന്നൈയിലെ വേലങ്കാട് ശ്മശാനത്തിലാണ് സംഭവം. കല്ലുകളും വടികളുമായി ശ്മശാനത്തിന് സമീപത്ത് തടിച്ചുകൂടിയ നാട്ടുകാർ മൃതദേഹം അവിടെ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടെടുത്തു.പിന്നീട് കൂടുതൽ പൊലീസ് എത്തി അതേ ശ്മശാനത്തിൽ തന്നെ സംസ്കാരം നടത്തി.


കഴിഞ്ഞദിവസം രാത്രിയാണ് നഗരത്തിലെ പ്രമുഖ ന്യൂറോസർജനും സ്വകാര്യ ആശുപത്രി ചെയർമാനുമായ അമ്പത്തഞ്ചുകാരൻ മരിച്ചത്. അർദ്ധരാത്രിയോടെ മൃതദേഹം വേലങ്കാട് ശ്മശാനത്തിലേക്ക് ആംബുലൻസിൽ എത്തിച്ചു. മൃതദേഹം അടക്കംചെയ്യാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി തുടങ്ങിയതോടെ വിവരമറിഞ്ഞ് സ്ഥലത്തേക്ക് കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. ഇതിനിടെ കല്ലേറും തുടങ്ങി. ആംബുലൻസ് ഡ്രൈവർക്ക് കല്ലേറിൽ പരിക്കുണ്ട്.

ആംബുലൻസിന്റെ ചില്ലുകളും തകർന്നു. രംഗം പന്തിയല്ലെന്ന് കണ്ടതോടെ മൃതദേഹവുമായി ആംബുലൻസ് ശ്മശാനത്തിൽനിന്ന് മടങ്ങി.പിന്നീട് ഒരുമണിക്കൂർ കഴിഞ്ഞ് കൂടുതൽ പൊലീസ് എത്തുകയും പ്രതിഷേധക്കാരെ തുരത്തി സംസ്കാരം നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. രാജ്യത്തിന്റെ മറ്റുചിലയിടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.